എറണാകുളം: വാഹപനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 314 പ്രദേശത്ത് താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ സന്തോഷിന് സഹായവുമായി കോതമംഗലം എംഎല്‍എ ആന്‍റണി ജോൺ. കൊമ്പ് വാദ്യ കലാകാരൻ കൂടിയായ സന്തോഷ് വാരിക്കാടന് അഞ്ച് മാസങ്ങൾക്ക് മുൻപാണ് ഓട്ടോറിക്ഷ മറിഞ്ഞ് നട്ടേല്ലിന് പരിക്കേല്‍ക്കുകയും യൂറിൻ ട്യൂബിന് ചതവ് പറ്റുകയും ചെയ്തത്. എട്ട് വയസ് പ്രായമുള്ള മകനും ഭാര്യയയും അടങ്ങുന്ന ചെറിയ കുടുംബത്തിന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് ഇതുവരെയുള്ള ചികിത്സ നടത്തിയിരുന്നത്.
അപകടത്തില്‍ പരിക്കേറ്റ സന്തോഷിന് കൈതാങ്ങായി എംഎല്‍എയും നാട്ടുകാരും - mla antony john
അഞ്ച് മാസങ്ങൾക്ക് മുൻപാണ് ഓട്ടോറിക്ഷ ഡ്രൈവറായ സന്തോഷിന് അപകടത്തില്‍ നട്ടേല്ലിന് പരിക്കേല്‍ക്കുകയും യൂറിൻ ട്യൂബിന് ചതവ് പറ്റുകയും ചെയ്തത്. തുടർ ചികിത്സയ്ക്ക് വഴിയില്ലാതെ വന്നതോടെയാണ് സഹായവുമായി എംഎല്‍എയും നാട്ടുകാരും എത്തിയത്.
യൂറിൻ ട്യൂബ് മാറ്റി വെക്കേണ്ട സാഹചര്യമാണ് നിലവില്‍. ഇതിനായി അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന ഓപ്പറേഷൻ ആവശ്യമാണ്. ഇത്ര വലിയ തുക കണ്ടെത്താൻ സന്തോഷിന് കഴിയുന്നില്ല. ഷീറ്റ് മേഞ്ഞ ഒറ്റമുറി വീടിൽ കഴിയുന്ന സന്തോഷിനും കുടുംബത്തിനും റേഷൻ കാർഡുമില്ല. ദുരിത പൂർണമായ സന്തോഷിന്‍റെ ജീവതം കേട്ടറിഞ്ഞ കോതമംഗലം എംഎല്‍എ ആന്‍റണി ജോൺ സന്തോഷിന്‍റെ വീട്ടിൽ എത്തുകയും സുമനസുകളുടെ സഹായത്തോടെ തുടർ ചികിത്സക്ക് ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് ഉറപ്പും നൽകി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിനുള്ള രേഖകളും സന്തോഷിന് കൈമാറി. ധനസഹായം സ്വരൂപിക്കുന്നതിനുവേണ്ടി നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിക്കുകയും, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനിയുടെയും, സന്തോഷിന്‍റെയും പേരിൽ നെല്ലിക്കുഴി എസ്ബിഐ ബാങ്കിൽ ജോയിന്‍റ് അക്കൗണ്ട് തുടങ്ങുകയും ചെയ്തു.