മുഖ്യമന്ത്രി സംസാരിക്കുന്നു എറണാകുളം:നവകേരള സദസ് യാത്രയ്ക്ക് എതിരായ ഷൂ ഏറിൽ കൂടുതല്‍ നടപടിയുമായി പൊലീസ് (Police Action Against Shoe Hurl Incident). നാല് കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്.
പെരുമ്പാവൂരിലെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഓടക്കാലിയിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞത്. പിന്നാലെ എത്തിയ പൊലീസ് സംഘം ഷൂ എറിഞ്ഞ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കരിങ്കൊടി പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ച കെ എസ് യു പ്രവർത്തകരെ സന്ദർശിക്കാനെത്തിയ എൽദോസ് കുന്നപ്പിള്ളിയെ മർദിച്ചുവെന്ന പരാതിയിൽ മുപ്പത് പേർക്കെതിരെയും പൊലീസ് കേസെടുത്തു. പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കുന്ന സി പി എം ക്രിമിനലുകളെ പൊലീസും സർക്കാരും സംരക്ഷിക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് ഇന്ന് 14 നിയോജക മണ്ഡലങ്ങളിലും സംയുക്ത ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും.
ഷൂ ഏറിനെതിരെ മുഖ്യമന്ത്രി ഇന്നലെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഏറിനൊക്കെ പോയാൽ പിന്നെ അതിന്‍റേതായ നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് നാട്ടുകാർ ഏറ്റെടുക്കണമെന്നല്ല പറയുന്നത്.
പക്ഷെ അതിന്‍റേതായ നടപടികളിലേക്ക് കടക്കുമല്ലോ, അപ്പോൾ പിന്നെ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ല. അതിന്‍റോതായ നടപടികൾ സ്വീകരിക്കേണ്ടതായി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
ഇത് നാടിനോടുള്ള വെല്ലുവിളിയാണെന്ന് ഇത്തരം ആളുകൾ മനസിലാക്കണം. ഈ പരിപാടി ആർക്കെങ്കിലും എതിരെ സംഘടിപ്പിച്ച പരിപാടിയല്ല.
നാടിനും, ജനങ്ങൾക്കും, എല്ലാവർക്കും വേണ്ടിയുള്ള പരിപാടിയാണ്.
നമ്മുടെ നാടിന് വേണ്ടിയുള്ള പരിപാടിയാണ്. അതാത് മണ്ഡലത്തിലെ എം എൽഎമാരാണ് അധ്യക്ഷത വഹിക്കുന്നത്. ഈ പരിപാടിയുടെ 41 മണ്ഡലങ്ങളിലെ നടത്തിപ്പുകാരാവേണ്ടിയിരുന്നവരാണ് യുഡിഎഫ് എംഎൽഎമാർ. പരിപാടി ബഹിഷ്‌കരിച്ച് എന്തിനാണ് അവര്‍ ഇത്തരത്തിലുളള നിലപാട് സ്വീകരിച്ചത്.
നവ കേരള യാത്രയ്ക്ക് എത്തുന്ന ജനക്കൂട്ടം ചിലരെ വല്ലാതെ പ്രശ്‌നത്തിലാഴ്ത്തുന്നു. എന്താണ് അവരുടെ പ്രശ്‌നമെന്ന് അറിയില്ല. പല സ്ഥലത്തും കാണുന്ന കഴ്‌ച നൂറ് കണക്കിന് ആളുകൾ തിങ്ങി നിൽക്കുകയാണ്.
ഇതിനടത്തു നിന്ന് ഒരാൾ കരിങ്കൊടി വീശുകയാണ്. ആളുകൾ അത് അവഗണിക്കുകയാണ്. എന്താണ് ഇങ്ങനെ കോപ്രായം കാണിക്കുന്നത് എന്ന മട്ടിൽ അവഗണിക്കുകയാണ്. നല്ലതാണത്, ഇത്തരത്തിൽ അവർ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് പോകേണ്ടതാണന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
യാത്രയ്‌ക്കിടെ വ്യത്യസ്‌തമായ ഒരു അനുഭവമാണ് ഉണ്ടായത്. യാത്ര ചെയ്യുന്ന ബസിന് മുന്നിൽ ചാടിയ സംഭവം നേരത്തെ പറഞ്ഞതാണ്. അത് പിന്നീട് വലിയ തോതിൽ ആവർത്തിക്കപ്പെടുന്നത് കണ്ടില്ല. ഒരു ദിവസം മാത്രമാണ് ഇത് കണ്ടത്.
ഇപ്പോള്‍ ബസിന് നേരെ ഏറുണ്ടായി. എന്താണ് ഇവർക്ക് പറ്റിയതെന്നാണ് മനസിലകാത്തത്. ഈ സംഭവത്തെ ആകെ മറ്റൊരു രീതിയിലേക്ക് മാറ്റാനുള്ള ഗൂഡോദ്യേശമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടുകാരെല്ലാം ഇത്തരം സംഭവങ്ങളില്‍ സംയമനം പാലിച്ചാണ് നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More :കരിങ്കൊടികളല്ല, ഇനി ഷൂ ഏറ്; നവകേരള യാത്രയ്ക്കുനേരെ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം
പാലായില്‍ മറ്റൊരു കേസ്:പാലായിൽ നവ കേരള യാത്രയുടെ ഫ്‌ളക്‌സ് ബോർഡിൽ പെയിന്‍റ് ഒഴിച്ച സംഭവത്തിൽ ഒരാൾ പോലീസ് പിടിയിലായി. പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കൽ ആണ് പോലീസിന്‍റെ പിടിയിലായത്. പാലായിൽ നവകേരളസദസ് നടക്കുന്ന നഗരസഭ സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സില്‍ ഇയാള്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു. കരിഓയിൽ ഒഴിക്കുന്ന CCTV ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കൊട്ടാരമറ്റത്ത് നിന്നും ആണ് ജയിംസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിലെ സ്വീകരണ വേദി തകർക്കുമെന്ന് ബോംബ് ഭീഷണി മുഴക്കി കത്തെഴുതിയതിനും ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.