എറണാകുളം: അട്ടപ്പാടി മധു കൊലക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയ പ്രത്യേക കോടതി ഉത്തരവ് സ്റ്റേ ചെയ്‌ത് ഹൈക്കോടതി. കേസിന്‍റെ വിധി ചോദ്യം ചെയ്‌ത് രണ്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആണ് പ്രത്യേക കോടതി ഉത്തരവ് ഓഗസ്റ്റ് 29 വരെ ഹൈക്കോടതി സ്റ്റേ ചെയ്‌തത്. പാലക്കാട് മണ്ണാര്‍ക്കാട് എസ് സി, എസ്‌ടി പ്രത്യേക കോടതിയാണ് പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.
ഈ ഉത്തരവിനാണ് ഇപ്പോള്‍ സ്റ്റേ. പ്രതികള്‍ സ്വാധീനിച്ചതിനാല്‍ നിരവധി സാക്ഷികള്‍ കൂറുമാറിയെന്ന് വിചാരണ വേളയിൽ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
കേസില്‍ ഇനിയും കാലതാമസം വരുത്തിയാൽ ശേഷിക്കുന്ന സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും പ്രത്യേക കോടതി ഓഗസ്റ്റ് 20ലെ ഉത്തരവിൽ നിരീക്ഷിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍റെ മുഴുവന്‍ രേഖകളും കോടതി മുമ്പാകെ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഈ തെളിവുകള്‍ വിലയിരുത്തിയായിരുന്നു പ്രത്യേക കോടതിയുടെ ഉത്തരവ്.
അതേസമയം ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയാൽ ഉണ്ടാകാനിടയുള്ള ചാർജ് മെമ്മോയ്‌ക്ക് മറുപടി നൽകേണ്ടി വരുമെന്നും, മാധ്യമങ്ങളിൽ മോശം വാർത്തകൾ പ്രസിദ്ധീകരിക്കപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയിരുന്നു. 2018 ഫെബ്രുവരി 22നാണ് ഭക്ഷണ സാധനങ്ങൾ മോഷ്‌ടിച്ചു എന്നാരോപിച്ച് പാലക്കാട് ജില്ലയിലെ അട്ടപ്പാടി സ്വദേശി മധുവിനെ കൊലപ്പെടുത്തിയത്.
Also Read ആള്‍ക്കൂട്ട കൊലപാതകം, മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍