എറണാകുളം:അട്ടപ്പാടി മധു വധക്കേസിൽ 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീലുകൾ തള്ളിക്കൊണ്ടാണ് കോടതി നടപടി. എന്നാൽ 11-ാം പ്രതി ഷംസുദീന്‍റെ അപ്പീൽ ഹൈക്കോടതി അനുവദിച്ചു.
ഷംസുദീന്‍റെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കി. ഇതോടെ ഇയാൾക്ക് ജാമ്യത്തിൽ തുടരാം. കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്ന് വന്നതോടെ പ്രോസിക്യൂഷനും പൊലീസും മുഖം രക്ഷിക്കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും അത്തരമൊരു പരാതി സാക്ഷികളിലാരും നൽകിയിട്ടില്ലെന്നുമായിരുന്നു അപ്പീൽ ഹർജികളിൽ പ്രതികളുടെ വാദം. എന്നാൽ പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുകളുണ്ടെന്ന് ഫോൺ രേഖകളടക്കം ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22 നായിരുന്നു മണ്ണാർക്കാട് എസ്.സി, എസ്. ടി പ്രത്യേക കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
സാക്ഷികളെ സ്വാധീനിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കേസിൽ നിലവിൽ 16 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്.
Also Read: ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് സാക്ഷി, കണ്ണ് പരിശോധിപ്പിച്ച് കോടതി, പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തല്‍, കൂറുമാറിയയാളെ പിരിച്ചുവിട്ടു