എറണാകുളം:സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് (Onam celebrations Kerala) തുടക്കം കുറിച്ച് തൃപ്പൂണിത്തുറ രാജനഗരിയിൽ അത്തച്ചമയം (Athachamayam). തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്ക്കൂളിലെ അത്തം നഗറിൽ മന്ത്രി പി രാജീവ് അത്ത പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) അത്താഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്‌തു. നടൻ മമ്മൂട്ടി (Actor Mammootty) അത്തം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തു.
അത്തച്ചമയത്തിന് തിരിതെളിഞ്ഞു വൈവിധ്യങ്ങളായ കലാരൂപങ്ങൾ അണി നിരന്ന വർണാഭമായ ഘോഷയാത്ര ബോയ്‌സ് ഹൈസ്‌കൂളിൽ നിന്നും ആരംഭിച്ച് ആശുപത്രി ജങ്ഷൻ, സ്റ്റാച്യു, കിഴക്കേക്കോട്ട, പഴയ സ്റ്റാന്‍ഡ്, എസ്എൻ ജങ്ഷൻ വടക്കേക്കോട്ട, പൂർണ്ണത്രയീശ ക്ഷേത്രം, വീണ്ടും സ്റ്റാച്യു വഴി നഗരം ചുറ്റി ബോയ്‌സ് ഹൈസ്‌കൂളിൽ അവസാനിച്ചു. വൈകിട്ട് 5 മണിക്ക് ലായം കൂത്തമ്പലത്തിൽ ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന കലാമേള, ഓണം കലാസന്ധ്യ എന്നിവയ്‌ക്ക് തുടക്കമാകും.
മാവേലിയുടെയും വാമനന്‍റെയും വേഷത്തില്‍ എത്തിയ കലാകാരന്മാർ, ചെണ്ടമേളം, പുലിക്കളി, കുമ്മാട്ടിക്കളി, കോൽക്കളി, മയിലാട്ടം, വേലകളി തുടങ്ങിയ നിരവധി കലാരൂപങ്ങൾ, ചരിത്രവും വർത്തമാനവും പ്രതിഫലിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ഉൾപ്പടെ കേരളത്തിന്‍റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നതായിരുന്നു അത്തം ഘോഷയാത്ര. മതസൗഹാർദത്തിന്‍റെ പ്രതീകമായി കരിഞ്ഞാച്ചിറ കത്തനാരുടെയും നെട്ടൂർ തങ്ങളുടെയും ചെമ്പൻ അരയന്‍റെ പിൻഗാമികളും അത്താഘോഷത്തിന് ആശംസ നേരാൻ എത്തിച്ചേർന്നു.
ആഘോഷങ്ങളുടെ 'പൊന്‍ കൊടി' രാജഭരണ കാലത്ത് ചിങ്ങമാസത്തിലെ (Chingam) അത്തം നാളിൽ പ്രത്യേക ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ (Kingdom of Cochin) സേനാവ്യൂഹത്തോടും കലാസാംസ്‌കാരിക ഘോഷയാത്രയോടും കൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നളളത്താണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കാലം മാറി രാജഭരണം അവസാനിച്ചതോടെ ഘോഷയാത്ര നിലച്ചെങ്കിലും പിന്നീട് ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭയാണ് (Tripunithura municipality) അത്താഘോഷം സംഘടിപ്പിക്കുന്നത്.
രാജഭരണത്തിന്‍റെ ആസ്ഥാനമായിരുന്ന ഹിൽപാലസിൽ (Hill palace Tripunithura) നിന്ന് അത്തം നഗറിൽ ഉയർത്താനുള്ള പതാക നഗരസഭ അധ്യക്ഷ രമ സന്തോഷ് രാജകുടുംബത്തിന്‍റെ പ്രതിനിധിയിൽ നിന്ന് ഏറ്റുവാങ്ങി. ഗ്രീൻ പ്രോട്ടോകോൾ (Green protocol) പ്രകാരമാണ് അത്താഘോഷം നടത്തുന്നത്. പ്ലാസ്റ്റിക് കുപ്പികൾക്കും ഫ്ലെക്‌സുകൾക്കും ഘോഷയാത്രയിൽ നിരോധനമുണ്ട്. നിരീക്ഷണ കാമറകൾ, സുരക്ഷയ്ക്കായി 400ലധികം പൊലീസ് ഉദ്യോഗസ്ഥർ, താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം, അഗ്നിരക്ഷ നിലയത്തിന്‍റെ നേതൃത്വത്തിൽ ഫയർ ടെന്‍റുകൾ, അത്തച്ചമയം വളന്‍റിയർമാരുടെ നേതൃത്വത്തിൽ കുടിവെള്ള സൗകര്യം തുടങ്ങിയവ പ്രധാന ജങ്‌ഷനുകളിൽ ഏർപ്പെടുത്തി.
അത്തച്ചമയത്തിനെത്തിയ മാവേലി ഉദ്ഘാടന സമ്മേളനത്തിലും ഘോഷയാത്ര കാണാനും ആയിരങ്ങളാണ് ഇത്തവണയെത്തിയത്. മഴ മാറി നിന്നതും അവധി ദിനമായതിനാലും ജനകീയ പങ്കാളിത്തം കൊണ്ടും അത്തച്ചമയം ആഘോഷ ചരിത്ര സംഭവമായി. കഴിഞ്ഞ വർഷം അത്തം നഗറും പരിസരവും വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് അത്താഘോഷത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അതിന് മുമ്പുള്ള രണ്ട് വർഷവും കൊവിഡിനെ തുടർന്ന് കൊടി ഉയർത്തൽ ചടങ്ങ് മാത്രമായിരുന്നു നടന്നത്. എന്നാൽ ഇത്തവണ തൃപ്പൂണിത്തുറയിലെ അത്താഘോഷ പരിപാടികൾ പ്രൗഢഗംഭീരവും വർണാഭവുമായി മാറി. അതോടൊപ്പം ജാതി, മത, രാഷ്‌ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം വിളംബരം ചെയ്യുന്നത് കൂടിയായി തൃപ്പൂണിത്തുറ അത്താഘോഷം മാറി (Tripunithura athachamayam).