യുവനടൻ അമിത് ചക്കാലക്കലിനെ (Amit Chakkalackal) നായകനാക്കിആസാദ് അലവില്‍ സംവിധാനം ചെയ്‌ത അസ്ത്രാ തിയേറ്ററുകളില്‍ (Asthra malayalam movie released). അമിത് ചക്കാലക്കല്‍, കലാഭവന്‍ ഷാജോൺ, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, സെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ, ജയകൃഷ്‌ണൻ, സുഹാസിനി കുമരൻ, രേണു സൗന്ദർ, ജിജു രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പോറസ് സിനിമാസിന്‍റെ ബാനറില്‍ പ്രേം കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത് വിനു കെ മോഹന്‍, ജിജു രാജ് എന്നിവരാണ്.
വയനാട്ടിലെ സുൽത്താൻ ബത്തേരി, മുത്തങ്ങ, അമ്പലവയൽ പ്രദേശങ്ങളിലായി ദൃശ്യ മനോഹാരിതയിൽ ചിത്രീകരിച്ച ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ആണ് അസ്ത്രാ എന്ന ചിത്രം. സിനിമയുടെ ആശയം പ്രേക്ഷകർക്ക് തീർച്ചയായും ഇഷ്‌ടപ്പെടുമെന്നും അങ്ങനെയെങ്കിൽ തിയേറ്ററിൽ വലിയ വിജയം ആകുമെന്നും അമിത് ചക്കാലയ്‌ക്കൽ ഇടിവി ഭാരതിനോട് പ്രതികരിച്ചിരുന്നു.
ചിത്രത്തെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഒന്നും ഉന്നയിക്കുന്നില്ല. ചിത്രത്തിന്‍റെ ആശയം സംസാര വിഷയമാകണമെന്ന് ഏതൊരു അണിയറ പ്രവർത്തകനെയും പോലെ ഞാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മയ്യം, കുട്ടി സ്റ്റോറി തുടങ്ങി തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സുഹാസിനി കുമരനാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തുന്നത്. മലയാള സിനിമ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും, ആശയങ്ങൾ മികച്ചതാണെന്നും സുഹാസിനി അഭിപ്രായപ്പെട്ടിരുന്നു.