കേരളം

kerala

ETV Bharat / state

അരിക്കൊമ്പനെ പിടിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാൻ ഉത്തരവ് - അരിക്കൊമ്പന്‍ വാര്‍ത്ത

ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന ഒരു മൃഗത്തെ മാത്രം പിടികൂടുന്നത് പരിഹാരമല്ലെന്നും ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുളള നടപടികളാണ് വേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു

arikkomban  arikkomban idukki  high court  high court news  high court decision  അരിക്കൊമ്പന്‍ ഇടുക്കി  അരിക്കൊമ്പന്‍ ഹൈക്കോടതി  ഹൈക്കോടതി  ഇടുക്കി  ഏറണാകുളം  ഹൈക്കോടതി വാര്‍ത്തകള്‍  അരിക്കൊമ്പന്‍ വാര്‍ത്ത
high court Arikkomban case

By

Published : Apr 5, 2023, 1:01 PM IST

Updated : Apr 5, 2023, 5:11 PM IST

എറണാകുളം:അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണമെന്നും അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട എന്നും കോടതി വ്യക്തമാക്കി. ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർ‍ഡൻ തീരുമാനിക്കേണ്ടതെന്നു സർക്കാർ നിലപാടെടുത്തപ്പോൾ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമെന്നു കോടതി പറഞ്ഞു.

ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ഒരു മൃഗത്തെ മാത്രം പിടികൂടുന്നത് പരിഹാരമല്ല. ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് വേണ്ടതെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഉദ്യോഗസ്ഥർ തങ്ങൾക്കെതിരാണെന്ന് ജനങ്ങൾ കരുതുന്നു, ഇത് മാറണം.

അരിക്കൊമ്പനാവശ്യമായ ആവാസ വ്യവസ്ഥ പറമ്പിക്കുളത്തുണ്ടെന്നും അവിടേക്ക് മാറ്റാമെന്നുമായിരുന്നു കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന് ദീർഘകാല പരിഹാരമാണ് വേണ്ടത്. ഇതിനായി ജില്ലാതലത്തിൽ ജാഗ്രത സമിതികൾ രൂപീകരിക്കണം. ഇവ കടലാസിൽ ഒതുങ്ങരുതെന്ന് കോടതി പറഞ്ഞു. സർക്കാരിന് വേണ്ടി അഡിഷണൽ അഡ്വ ജനറൽ അശോക് എം ചെറിയാൻ ഹാജരായി.

കേസിൽ വിശദമായ ഉത്തരവ് കോടതി പിന്നീട് പുറപ്പെടുവിക്കും. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്ന ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. ജനങ്ങളെ കൂടി വിശ്വാസത്തിൽ എടുക്കണമെന്ന് നിർദ്ദേശിച്ച കോടതി ജനജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തമാക്കണമെന്നും വ്യക്തമാക്കി. അരിക്കൊമ്പൻ ഒറ്റപ്പെട്ട വിഷയം അല്ലെന്നും, ആവശ്യമായ നടപടികൾ സർക്കാർ നേരത്തെ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്.

അതേസമയം അരിക്കൊമ്പനെ പിടികൂടാമെന്ന ഹൈക്കോടതി വിധി ജനങ്ങള്‍ക്ക് ആശ്വാസം പകരുതെന്നാണ് വനം മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്. അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. വനം വകുപ്പിന്‍റെ പ്രത്യേക വിഭാഗവും ഡോക്‌ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘവും കുങ്കിയാനകളും അവിടെ തന്നെ ക്യാമ്പ് ചെയ്യുന്നതുകൊണ്ട് ദൗത്യം ആരംഭിക്കാന്‍ താമസമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

Also Read:മിഷന്‍ അരിക്കൊമ്പന്‍, 'ഹൈക്കോടതി വിധി സ്വാഗതാര്‍ഹം':എ കെ ശശീന്ദ്രന്‍

അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുളള ഹൈക്കോടതി നിര്‍ദേശത്തെ എംഎം മണി എംഎല്‍എയും സ്വാഗതം ചെയ്‌തിരുന്നു. കോടതി വിധി സ്വാഗതാര്‍ഹമാണെന്നും സമരം അവസാനിപ്പിക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഇവിടെ നിന്നും ശല്യം ഒഴിവാക്കി അങ്ങോട്ട് മാറ്റുന്നു, ഇനി പറമ്പികുളത്തുളളവര്‍ അനുഭവിക്കട്ടെയെന്നുമാണ് എംഎം മണിയുടെ പ്രതികരണം. അരിക്കൊമ്പനാണ് മുഖ്യ ശത്രുവെന്നും പിന്നീട് എന്തെങ്കിലും വരുമെങ്കില്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

Also Read: 'മനുഷ്യന്‍റെ അവകാശം പരിഗണിച്ചു കൊണ്ടുള്ള വിധി': അരിക്കൊമ്പനെ മാറ്റാനുള്ള കോടതി വിധിയില്‍ എം എം മണി

Last Updated : Apr 5, 2023, 5:11 PM IST

ABOUT THE AUTHOR

...view details