എറണാകുളം :ടെലികാർഡിയോളജി, ടെലിറേഡിയോളജി ചികിത്സ മേഖലകൾ അതിവേഗം വളരുകയാണെന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്‌ധനും വിജയവാഡ രമേശ് ഹോസ്‌പിറ്റൽ ചീഫ് കാർഡിയോളജിസ്റ്റുമായ ഡോ. പി രമേശ് ബാബു. ഗ്രാമങ്ങളിലെ ജനങ്ങൾക്ക് സമയോചിതമായ പ്രഥമ ശുശ്രൂഷയ്‌ക്കായി ടെലിമെഡിസിൻ സംവിധാനം ഉപയോഗിച്ച് ആദ്യ മണിക്കൂറിൽ തന്നെ ചികിത്സ ലഭ്യമാക്കിയതിലൂടെ ലോകമെമ്പാടും ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര ടെലിമെഡിസിൻ സമ്മേളനത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.
മരണങ്ങൾ തടയുന്നതിനും വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും ഹൃദയ, മസ്‌തിഷ്‌കാഘാതങ്ങളിൽ ടെലിമെഡിസിൻ ഉപയോഗിക്കുന്ന മുതിർന്ന മെഡിക്കൽ പ്രാക്‌ടീഷണർമാരുടെ ഉപദേശം വളരെ ഫലപ്രദമാണ്. നഴ്‌സിങ് സ്റ്റാഫുകളുടെയും ക്രിട്ടിക്കൽ കെയർ ഫിസിഷ്യൻമാരുടെയും കുറവുള്ളതിനാൽ ആശുപത്രികളിലെയും തീവ്രപരിചരണ വിഭാഗങ്ങളിലെയും മരണങ്ങൾ രാത്രിയിലും വാരാന്ത്യങ്ങളിലും കൂടുതലാണെന്നാണ് യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ വികസിത ഇടങ്ങളിലെ പ്രധാന നിരീക്ഷണം. ഇതിനൊരു പരിഹാരമാണ് ടെലിമെഡിസിൻ ചികിത്സ.
ടെലികാർഡിയോളജി, ടെലിറേഡിയോളജി മേഖലകളുടെ വളര്‍ച്ച അതിവേഗം : പ്രമുഖ കാർഡിയോളജിസ്‌റ്റ് ഡോ. പി രമേശ് ബാബു സാങ്കേതികവിദ്യ ഉചിതമായി എങ്ങനെ ഉപയോഗിക്കാം :തത്സമയ ഓൺലൈൻ മോഡിൽ സുപ്രധാന പാരാമീറ്ററുകൾ നിരീക്ഷിക്കുന്ന ടെലി ഐസിയു, മരണനിരക്ക് കുറയ്ക്കുകയും സങ്കീർണതകൾ തടയുകയും, ആശുപത്രി വാസം കുറയ്ക്കുകയും ചെയ്യുന്നതായും ഡോ. പി രമേശ് ബാബു വിശദീകരിച്ചു. ഇത് ഐസിയു പരിചരണത്തിന്‍റെ ചെലവ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
വിവര വിനിമയ സാങ്കേതികവിദ്യകളുടെ ഉചിതമായ പ്രയോഗത്തിലൂടെ ആശുപത്രി ആസ്‌തികളുടെ ഒപ്റ്റിമൈസേഷൻ വ്യക്തിപരവും രോഗി കേന്ദ്രീകൃതവുമായ പരിചരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇടത്തരം വലിപ്പമുള്ളതും വലുതുമായ ആശുപത്രികളെ സ്‌മാർട്ട് ആശുപത്രികളാക്കി മാറ്റുന്നതാണ് ഇപ്പോഴത്തെ ആഗോള പ്രവണത.
ടെലിമെഡിസിൻ ഇപ്പോൾ ക്ലിനിക്കൽ മെഡിസിൻ, റേഡിയോളജി, ഇമേജിങ് മെഡിസിൻ, ലബോറട്ടറി, പാത്തോളജി വിഭാഗങ്ങൾ എന്നിവയുടെ എല്ലാ ശാഖകളിലും ഉപയോഗിക്കുന്നു. ടെലി വിദ്യാഭ്യാസം, വിദൂര റോബോട്ടിക് ശസ്ത്രക്രിയകൾ മുതലായവയിലും തങ്ങളുടെ ആശുപത്രി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കൂടാതെ, രമേശ് ഹോസ്‌പിറ്റലുകള്‍ കഴിഞ്ഞ 20 വർഷമായി ആന്ധ്രാപ്രദേശിലെ ഭൂരിഭാഗം ഗ്രാമപ്രദേശങ്ങളിലും മണ്ഡലങ്ങളിലും ആയിരക്കണക്കിന് രോഗികളിൽ ടെലിഇസിജിയിലും മറ്റ് ടെലികാർഡിയോളജി രീതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി.
ടെലിമെഡിസിൻ രംഗത്തെ നേട്ടങ്ങള്‍: ആരോഗ്യ വിദഗ്‌ധരുടെ സഹായത്തോടെ മുതിർന്നവർക്കും ശിശുരോഗികൾക്കും ടെലിമെഡിസിൻ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് രമേശ് ഹോസ്‌പിറ്റല്‍ ടെലി മെഡിസിൻ രംഗത്ത് കൈവരിച്ച നേട്ടങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 1998-ൽ പേജറുകളായിരുന്നു ഉപയോഗിച്ചത്.
2000-ൽ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ഇസിജി റിപ്പോർട്ടുകൾ കൈമാറാൻ ഫാക്‌സ് മെഷീനുകൾ ഉപയോഗിച്ചു. 2013-ൽ കാർഡിയോളജിസ്റ്റുകൾക്ക് മൊബൈൽ ട്രാൻസ്‌മിഷനുള്ള പ്രത്യേക ആർ10 ഇസിജി മെഷീനുകൾ ഉപയോഗിച്ചു. 2013-ൽ എഫ്‌ടിടിഎച്ച് സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ സെൻട്രൽ കമാൻഡ് സ്റ്റേഷനിലേയ്ക്ക് ട്രാൻസ്‌മിറ്റ് ചെയ്യുന്നതിനായി സെൻട്രൽ മോണിറ്ററിങും സൂം കാമറകളും ഉപയോഗിക്കുന്നു. രണ്ട് സ്റ്റാറ്റിക് ഐപി ലൈനുകളും ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എമർജൻസി റൂമിൽ ട്രയേജിങ്, ഐസിയു, മറ്റ് ക്രിട്ടിക്കൽ വാർഡുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, കാത്‌ലാബുകൾ എന്നിവയ്ക്കായി ടെലിമോണിറ്ററിങ് ഉപയോഗിക്കുന്നു. ആംബുലൻസ് രോഗികളുടെ നിരീക്ഷണത്തിനായി ഫോർ ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഉടൻ തന്നെ ഫൈവ് ജി സാങ്കേതികവിദ്യയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും ഡോ. പി രമേശ് ബാബു അറിയിച്ചു.