എറണാകുളം : അസ്വാഭാവിക മരണങ്ങൾ ക്യാമറയിൽ പകർത്താന്‍ നിയോഗിക്കപ്പെട്ട ഒരു ഫോട്ടോഗ്രാഫറുണ്ട് കൊച്ചിയിൽ. ഒരു വ്യാഴവട്ടത്തിലേറെയായി കൊച്ചി സബ് ഡിവിഷനിലെ ഏഴ് പൊലീസ് സ്റ്റേഷനുകളിലെയും സമീപ പൊലീസ് സ്റ്റേഷൻ പരിധികളിലെയും മൃതദേഹങ്ങളുടെ ഫോട്ടോയെടുക്കുന്നത് അപ്പുക്കുട്ടനാണ്.
ദുരൂഹത ചുരുളഴിക്കുന്ന ക്ലിക്കുകള്‍ ; അപ്പുക്കുട്ടൻ പകർത്തിയത് ആയിരത്തിലേറെ മൃതദേഹ ചിത്രങ്ങള്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമായ അപ്പുക്കുട്ടൻ യാദൃശ്ചികമായാണ് പൊലീസിന് വേണ്ടി ഫോട്ടോയെടുത്ത് തുടങ്ങിയത്. മൃതദേഹങ്ങളുടെ ഫോട്ടോയെടുക്കുന്ന ജോലിയോട് വീട്ടുകാർക്കുപോലും ആദ്യ ഘട്ടത്തിൽ യോജിപ്പുണ്ടായിരുന്നില്ല. നാട്ടുകാരും ജോലിയോടും അപ്പുക്കുട്ടനോടും മുഖം തിരിച്ചു. പക്ഷെ ഇതൊന്നും ഇദ്ദേഹത്തെ തളർത്തിയില്ല. ഒരു നിയോഗം പോലെ മൃതദേഹങ്ങൾക്ക് നേരെയുള്ള അപ്പുക്കുട്ടന്‍റെ ക്ലിക്കുകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
ഇത് മൃതദേഹങ്ങളോട് കാണിക്കുന്ന ആദരവ്
ഇതിനകം അപ്പുക്കുട്ടൻ ക്യാമറയിൽ പകർത്തിയത് ആയിരത്തിലധികം മൃതദേഹ ചിത്രങ്ങളാണ്. ആദ്യം നിശ്ചല ചിത്രങ്ങൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പടെ വീഡിയോയിൽ പകർത്തുന്നതും ജോലിയുടെ ഭാഗമാണ്. തനിക്കിതൊരു ജോലി മാത്രമല്ല, മൃതദേഹങ്ങളോട് കാണിക്കുന്ന ആദരവ് കൂടിയാണെന്ന് അപ്പുക്കുട്ടൻ പറയുന്നു.
മരണം സംഭവിച്ചാൽ എത്രയും വേഗം സംസ്‌കാരം നടത്താൻ ശ്രമിക്കുകയെന്നതാണ് ജീവിച്ചിരിക്കുന്നവർ ചെയ്യേണ്ടത്. മൃതദേഹങ്ങളുടെ ഫോട്ടോയെടുത്ത് ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞ്, പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി വേഗത്തിൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ കഴിയണം. അതിനാൽ പൊലീസിന്‍റെ വിളിയെത്തി മിനിട്ടുകള്‍ക്കുള്ളില്‍ ക്യാമറയുമായി അപ്പുക്കുട്ടൻ സ്ഥലത്തെത്തും.
ഹൃദയനൊമ്പരം നൽകിയ നിരവധി അനുഭവങ്ങൾ
മാനസികമായി പകച്ചുപോകുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ എല്ലാറ്റിനെയും ധൈര്യത്തോടെ നേരിടാനുള്ള മനക്കരുത്ത് ഇതിനകം അപ്പുക്കുട്ടൻ ആർജിച്ചെടുത്തിട്ടുണ്ട്. അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെടുന്ന നവജാത ശിശുക്കളുടെ ഫോട്ടോയെടുക്കുമ്പോഴാണ് ഏറെ സങ്കടം തോന്നാറുള്ളത്. ജീവിക്കാൻ തുടങ്ങുമ്പോൾ തന്നെ ഈ ലോകത്ത് നിന്നും യാത്രയാകേണ്ടി വരുന്ന കുരുന്നുകളെ കാണേണ്ടിവരുന്നത് എന്നുമൊരു ഹൃദയ നൊമ്പരമാണ്.
കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്ന യുവാക്കള്‍, വാഹനാപകടത്തിൽ തല തകർന്ന കൗമാരക്കാര്‍ എന്നിവരുടെ ചേതനയറ്റ ശരീരം പകര്‍ത്തുന്നത് അതീവ പ്രയാസമുണ്ടാക്കുന്നതാണ്. പക്ഷേ തുടർനടപടികളുടെ ഭാഗമായി ഇതെല്ലാം ആരെങ്കിലും ചെയ്തല്ലേ പറ്റൂവെന്ന് അപ്പുക്കുട്ടൻ ചോദിക്കുന്നു.
വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്തവരുടെയും , വാഹനാപകടത്തിൽ മരണപ്പെട്ടവരുടെയും ചിത്രങ്ങളാണ് കൂടുതലായും പകർത്തിയിട്ടുള്ളത്. വെള്ളത്തിൽ കിടന്ന് അഴുകിയതും, ദുർഗന്ധം വമിക്കുന്നതുമായ നിരവധി മൃതദേഹങ്ങളുടെ ഫോട്ടോകൾ പകർത്തിയിട്ടുണ്ട്. മുങ്ങിമരിച്ച ഭർത്താവിന്‍റെ ദുർഗന്ധം വമിക്കുന്ന മൃതദേഹം കെട്ടിപ്പിടിച്ച് കരയുന്ന ഭാര്യയെ കണ്ടത് മറക്കാൻ കഴിയാത്ത അനുഭവമായിരുന്നുവെന്ന് അപ്പുക്കുട്ടൻ പറയുന്നു.
മിക്കപ്പോഴും ജോലി സേവനം
അസ്വാഭാവിക മരണം സംഭവിച്ചവരുടെ മൃതദേഹങ്ങളുടെ ഫോട്ടോയെടുക്കൽ പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമാണെങ്കിലും ഇതിനുവേണ്ടി പ്രത്യേക ഫണ്ടൊന്നുമില്ല. ആയതിനാൽ ചിലപ്പോഴൊക്കെ വേതനം പോലും കിട്ടാറില്ല. എന്നാൽ ഇതൊന്നും കാര്യമാക്കാതെ സേവന മനസോടെയാണ് അപ്പുക്കുട്ടൻ ജോലി തുടരുന്നത്. ഫോട്ടോയെടുക്കുന്നത് അപ്പുക്കുട്ടനാണെങ്കിൽ പൊലീസുകാർക്കും എളുപ്പമാണ്. പ്രത്യേകിച്ച് എന്തെങ്കിലും പറഞ്ഞുകൊടുക്കേണ്ടതില്ല.
ആവശ്യമായ പത്തോ പതിനഞ്ചോ ഫോട്ടോകൾ ക്യാമറയിൽ പകർത്തി സി.ഡി.യാക്കി പെട്ടന്ന് തന്നെ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് കൈമാറുന്നതാണ് അപ്പുക്കുട്ടന്‍റെ രീതി. അന്വേഷണത്തിന്‍റെ ഭാഗമായി മൃതദേഹം കീറിമുറിച്ച് പോസ്റ്റ്‌മോർട്ടം നടത്തുന്ന ഡോക്‌ടർമാരുമായി താരതമ്യം ചെയ്യുമ്പോൾ തന്‍റേത് നിസ്സാര പ്രവര്‍ത്തിയാണെന്നും വിനയത്തോടെ പൊലീസുകാരുടെ അപ്പുച്ചേട്ടന്‍ പറയുന്നു.
കൂടത്തായിയിൽ ജോളിയെന്ന സ്ത്രീ നടത്തിയ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞ ശേഷം ഏതൊരു മരണത്തിലെയും ചെറിയ അസ്വാഭാവികത പോലും പൊലീസ് അവഗണിക്കാറില്ല. കൊവിഡ് കാലത്തും അപ്പുക്കുട്ടന് തിരക്കായിരുന്നു. ഈ മാസം മാത്രം ഇതിനകം 22 മൃതദേഹ ഫോട്ടോകള്‍ പകർത്തിക്കഴിഞ്ഞു.
Also Read: സുധീരന്‍റെ രാജി നേതൃത്വത്തിനുള്ള മുന്നറിയിപ്പോ?; കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്