എറണാകുളം:മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണക്കേസിന്‍റെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് (ജൂലൈ 29) പരിഗണിക്കും. തൃശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളമാണ് ഇക്കാര്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി സമർപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള ചില സാങ്കേതിക പ്രശ്‌നങ്ങൾ കഴിഞ്ഞ ദിവസം തിരുത്താനാവശ്യപ്പെട്ട കോടതി കേസ് ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
ALSO READ|'എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയി?'; മന്ത്രി ആന്‍റണി രാജുവിനെതിരായ കേസില്‍ ഹൈക്കോടതി
മന്ത്രിക്കെതിരായ തൊണ്ടിമുതൽ മോഷണക്കേസിലെ വിചാരണ നീണ്ടുപോയത് ഗൗരവമുള്ളതാണെന്നും എന്തുകൊണ്ട് വിചാരണ ഇത്രകാലം നീണ്ടുപോയെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്‍റെ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വിചാരണ വേഗത്തിലാക്കണമെന്ന ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ വിചാരണ നീളുന്നതില്‍ ഹൈക്കോടതി ഇടപെടലുണ്ടാകണം എന്നാവശ്യപ്പെട്ടാണ് ഹർജി. വിചാരണക്കോടതിക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശിയെ പിടികൂടിയിരുന്നു. ഈ ലഹരിക്കേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്നതാണ് കേസ്.