എറണാകുളം: മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണകേസിൽ ഹൈക്കോടതി ഇടപെടൽ. വിചാരണക്കോടതിയോട് ഹൈക്കോടതി സിംഗിൾ ബെഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിന്‍റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാനാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയ്‌ക്ക് സിംഗിൾ ബെഞ്ചിന്‍റെ നിർദേശം.
കേസിന്‍റെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി രണ്ടാഴ്‌ചയ്‌ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. മന്ത്രി പ്രതിയായ തൊണ്ടിമുതൽ മോഷണ കേസിൽ ഇടപെട്ടിട്ടില്ലെന്നും, ഇതുപോലെ നിരവധി കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നുമാണ് വിചാരണ നടപടികൾ വൈകുന്നത് ചോദ്യം ചെയ്‌തുള്ള ഹർജി പരിഗണിക്കവേ സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം.
ഇത്തരം സ്വകാര്യ ഹർജികൾ അനുവദിച്ചാൽ നിരവധി പേർ ഇനിയും കോടതിയെ സമീപിക്കും. കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷി നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. കൂടാതെ വിചാരണ നടപടി സംബന്ധിച്ചുള്ള കാര്യങ്ങൾ കീഴ്‌ക്കോടതിയിൽ നിക്ഷിപ്‌തമാണ്. ഇത്തരം കേസിൽ സ്വകാര്യ ഹർജികൾ പാടില്ല എന്ന് സുപ്രീംകോടതി വിധി ഉണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടികാട്ടി.