എറണാകുളം: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ വിദേശ പങ്കാളിത്തം തെളിയിക്കാൻ വിശ്വാസയോഗ്യമായ രേഖകൾ ഇല്ലെന്ന് ഹൈകോടതി. ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബി മാത്യൂസ് അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് സിബിഐയെ പ്രതിക്കൂട്ടിലാക്കിയുള്ള ഹൈക്കോടതി നിരീക്ഷണം. ഗൂഢാലോചനയിൽ വിദേശ ശക്തികളുടെ പങ്കാളിത്തം ഉണ്ടെന്നുള്ള സിബിഐയുടെ പ്രധാന വാദം സിംഗിൾ ബഞ്ച് അപ്പാടെ തള്ളുകയായിരുന്നു.
ഐഎസ്ആർഒ ചാരക്കേസ്; ആറ് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം, സിബിഐയുടെ വാദങ്ങൾ തള്ളി ഹൈക്കോടതി - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത
മുൻ ഡിജിപി സിബി മാത്യൂസ്, ഐബി ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാർ അടക്കമുള്ള ആറ് പ്രതികൾക്കാണ് സിബിഐയുടെ വാദം തള്ളിക്കൊണ്ട് കര്‍ശന ഉപാധികളോടെ ഹൈക്കേടതി ജാമ്യം അനുവദിച്ചത്.
ഗൂഢാലോചനയിൽ വിദേശ പങ്കാളിത്തം തെളിയിക്കുന്ന വിശ്വാസയോഗ്യമായ രേഖകൾ ഇല്ല. പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് പ്രഥമ ദൃഷ്‌ട്യാ സ്ഥാപിക്കാൻ സിബിഐയ്ക്ക് സാധിച്ചില്ല. പ്രതികൾക്കെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കത്തക്ക രേഖകൾ ഹാജരാക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ഉത്തരവിൽ ജസ്റ്റിസ് കെ.ബാബു ചൂണ്ടിക്കാട്ടി.
കർശന ഉപാധികളോടെയാണ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. 27 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല. രാജ്യം വിട്ട് പുറത്ത് പോകരുത് ,അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം, തുടങ്ങി ഉപാധികളോടെയാണ് മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യുന്ന പക്ഷം ഒരു ലക്ഷം രൂപ ബോണ്ടടക്കമുള്ള ഉപാധികളിന്മേൽ ജാമ്യം നൽകാനും നിർദേശമുണ്ട്.