എറണാകുളം: കുട്ടികൾക്കെതിരായ ലൈംഗികാത്രിക്രമ കേസുകളിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി (Anticipatory bail granted in pocso case Lacking primary evidence). പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്സോ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നിരപരാധികളെ കുടുക്കുന്ന സംഭവങ്ങൾ നിരവധി ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വസ്‌തുത പരിശോധിച്ച ശേഷം തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി (Anticipatory Bail Granted In Pocso Case).
മക്കളോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലെ തന്നെ നിരപരാധികളെ സംരക്ഷിക്കുന്നതും പ്രധാനമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കുടുംബകോടതികളിൽ കുട്ടികളുടെ കസ്റ്റഡി തർക്കവുമായി ബന്ധപ്പെട്ട് പിതാവിനെതിരെ വ്യാജ പീഡന ആരോപണം ഉന്നയിക്കുന്ന നിരവധി കേസുകളുണ്ടെന്ന് ഹൈക്കോടതി മറ്റൊരു വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ മുൻകൂർ ജാമ്യത്തിന് വിലക്കേർപ്പെടുത്തിയാൽ അത് നീതി നിഷേധമാകുമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് (Justice Kauser Edappagath) ചൂണ്ടിക്കാട്ടി. മക്കളോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ വടക്കേക്കര, വടക്കഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത 2 കേസുകളിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കരുത് എന്നാണ് ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ. ഈ വിലക്ക് എപ്പോഴും ബാധകമാക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.