എറണാകുളം: സ്ത്രീ സംവരണ ആനുകൂല്യങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് സംസ്ഥാനത്തെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡൻ്റായ അന്നമ്മ ജേക്കബിനെ പരിചയപ്പെടാം.
കേരളത്തിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്‍റ്; അന്നമ്മ ജേക്കബിനെ പരിചയപ്പെടാം - first woman panchayat president of Kerala Annamma Jacob
30-ാം വയസിൽ കവളങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെ ഭരണ സാരഥ്യം ഏറ്റെടുത്ത് ചരിത്രത്തിൻ്റെ ഭാഗമായ അന്നമ്മ 11 വർഷക്കാലം ഈ സ്ഥാനത്ത് തുടർന്നു
1963 മുതൽ 1968 വരെ കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായും 1968 മുതൽ 79 വരെ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുള്ള അന്നമ്മ പുരാതന ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചു വളർന്നത്. അരപ്പതിറ്റാണ്ട് മുന്‍പ്, പൊതു പ്രവർത്തന രംഗത്ത് സ്ത്രീകൾ ഇറങ്ങുന്നത് വളരെ വിരളമായിരിന്നിട്ടു കൂടി 1984 വരെ നാടിൻ്റെ സേവകയായി ഉറച്ചു നിന്നയാളാണ് അന്നമ്മ ജേക്കബ്. പഠനം കഴിഞ്ഞപ്പോൾ തന്നെ ലഭിച്ച ജോലിക്കുള്ള ഓഫർ നിരസിച്ചാണ് ഈ അമ്മ ലാഭേച്ഛയില്ലാതെ കർമരംഗത്തിറങ്ങിയത്. 25-ാം വയസിലാണ് പഞ്ചായത്ത് മെമ്പറായത്. 30-ാം വയസിൽ കവളങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെ ഭരണ സാരഥ്യം ഏറ്റെടുത്ത് ചരിത്രത്തിൻ്റെ ഭാഗമായ അന്നമ്മ 11 വർഷക്കാലം ഈ സ്ഥാനത്ത് തുടർന്നു.
ഊന്നുകൽ, മാറാച്ചേരി പുത്തേയത്ത് ജേക്കബിൻ്റെ ഭാര്യയാണ് അന്നമ്മ. പൊതുരംഗത്തു നിന്ന് പിൻമാറിയ ശേഷം നമ്പൂരിക്കൂപ്പിലുള്ള വീടിനോട് ചേർന്നുള്ള 13 ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷിപ്പണിയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. മകൻ റിട്ടയേഡ് പ്രൊഫസർ ബെന്നിയാണ് ഒപ്പമുള്ളത്. 84 വയസുള്ള ഈ അമ്മ പണിക്കാർക്ക് പാടത്തും പറമ്പിലും നിർദേശങ്ങൾ കൊടുത്ത് ഇപ്പോഴും കാർഷിക രംഗത്ത് സജീവമാണ്. കഴിവും സേവന മനസ്ഥിതിയും നിഷ്പക്ഷതയുമുള്ള വനിതകളായിരിക്കണം സ്ഥാനാര്‍ഥികള്‍ ആകേണ്ടതെന്നും പണ്ട് ഇത്രയും രാഷ്ട്രീയ അതിപ്രസരം ഉണ്ടായിരുന്നില്ലെന്നും അന്നമ്മ ജേക്കബ് പറഞ്ഞു.