എറണാകുളം:കൊച്ചിയിൽ സംഘടിപ്പിച്ച സഹകരണ എക്‌സ്‌പോയിൽ താരമായി തൃപ്പൂണിത്തുറ സ്വദേശി അഞ്ജന്‍ സതീഷ്. കലാകാരൻമാർക്ക് കൈത്താങ്ങായി സംഘടിപ്പിച്ച ലൈവ് കാരിക്കേച്ചര്‍ ഷോയിലാണ് അഞ്ജൻ എത്തിയത്. അഞ്ജന്‍ സെറിബല്‍ പാഴ്‌സി ബാധിതനാണ്.
ശാരീരിക പരിമിതികള്‍ തളര്‍ത്തില്ല ചിത്രങ്ങളെ; ലൈവ് കാർട്ടൂൺ ഷോയില്‍ താരമായി അഞ്ജന്‍ സതീശ് കേള്‍വി ശക്തിയും സംസാര ശേഷിയും ഭാഗികമായി കാഴ്ച ശക്തിയും നഷ്ടപ്പെട്ടിട്ടും ആത്മവിശ്വാസത്തോടെയാണ് അഞ്ജന്‍ ജീവിതത്തില്‍ മുന്നോട്ട് പോകുന്നത്. കുട്ടിക്കാലം മുതല്‍ ചിത്രം വരയ്ക്കുമായിരുന്ന അഞ്ജന്‍റെ കഴിവ് തിരിച്ചറിഞ്ഞ കുടുംബം പ്രോത്സാഹനം നൽകിയതോടെയാണ് ചിത്രരചനയിലും, കാരിക്കേച്ചറിലും വരയിലും അഞ്ജൻ സജീവമായത്. സമൂഹവും കുടുംബവും കൂടെ നിന്നതിനാലാണ് പരിമിതികളെ അതിജീവിച്ച് മകന് വളരാൻ കഴിഞ്ഞതെന്ന് അമ്മ ലതിക പറഞ്ഞു. ഇത്തരം കുട്ടികളെ തിരിച്ചറിഞ്ഞ് അവർക് കഴിവുള്ള മേഖലയിൽ വളർത്തി കൊണ്ട് വരണമെന്നും അവർ അഭിപ്രായപ്പെട്ടു.
സഹകരണ എക്സ്പോയിൽ തന്‍റെ മുന്നിലിരിക്കുന്നവരുടെ മനോഹരമായ കാരിക്കേച്ചര്‍ നിമിഷങ്ങൾക്കകമാണ് അഞ്ജൻ വരച്ചു നൽകിയത്. എക്‌സ്‌പോയില്‍ എത്തിയ അഞ്ജനെ സഹകരണ വകുപ്പ് ആദരിച്ചു. അഡീഷണല്‍ രജിസ്ട്രാര്‍ എം. ബിനോയ് കുമാറും ജോയിന്‍റ് രജിസ്ട്രാര്‍ ജനറല്‍ കെ. സജീവ് കര്‍ത്തയും ചേര്‍ന്ന് ഉപഹാരം നല്‍കി.
2005ല്‍ എ പി ജെ അബ്ദുല്‍ കലാമിനെ കണ്ടുമുട്ടിയതോടെയായിരുന്നു അഞ്ജനെ ലോകം അറിഞ്ഞത്. അഞ്ജന്‍ പഠിച്ചിരുന്ന ആദര്‍ശ് സ്‌പെഷ്യല്‍ സ്‌കൂളിന്‍റെ കെട്ടിടം ഉദ്ഘാടനം ചെയ്യാനായി എത്തിയ എ പി ജെ അബ്ദുല്‍ കലാമിന്‍റെ ചിത്രം അഞ്ച് മിനിറ്റ് കൊണ്ട് പേപ്പറില്‍ പകര്‍ത്തി നൽകി. അദ്ദേഹം അന്ന് നേരിട്ട് അഞ്ജനെ അഭിനന്ദിച്ചു.
പില്‍കാലത്ത് ആ ചിത്രം എപിജെ അബ്ദുല്‍ കലാമിന്‍റെ ആത്മകഥയിലും രാമേശ്വരത്തെ എപിജെ അബ്ദുല്‍ കലാം മ്യൂസിയത്തിലും സ്ഥാനം പിടിച്ചു. 2015ല്‍ ക്രിയേറ്റീവ് അഡല്‍ട്ട് പേഴ്‌സണ്‍സ് വിത്ത് ഡിസേബിലിറ്റീസ് എന്ന കാറ്റഗറിയില്‍ അഞ്ജന്‍ ദേശീയ അവാര്‍ഡ് നേടിയിരുന്നു. അവാര്‍ഡ് ദാന ചടങ്ങിനിടെ അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിയുടെ കാരിക്കേച്ചര്‍ വരച്ചു കൊടുത്തു. അദ്ദേഹവും അഞ്ജനെ പ്രശംസിച്ചിരുന്നു. അഞ്ജന്‍റെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ഒപ്പമുണ്ട്.