അങ്കമാലിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്‌ത്രീയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി എറണാകുളം:അങ്കമാലി എംഎജിജെ ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്‌ത്രീ കുത്തേറ്റു മരിച്ചു. അങ്കമാലി സ്വദേശിയായ ലിജിയാണ് (40) മരിച്ചത്. പ്രതിയായ മഹേഷിനെ (42) പൊലീസ് പിടികൂടി.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനായിരുന്നു ലിജി ആശുപത്രിയിലെത്തിയത്. ആശുപത്രിയുടെ നാലാം നിലയിൽ വച്ചാണ് മുൻ സുഹൃത്തായ മഹേഷ് ലിജിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയത്. ലിജി ആശുപത്രിയിലുണ്ടെന്ന് മനസിലാക്കിയ പ്രതി ഇവിടെ എത്തുകയും ലിജിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.
ഇതിനിടെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് പ്രതി മഹേഷ് പല തവണ ലിജിയെ കുത്തി. ആശുപത്രിയിലുള്ള ജീവനക്കാർക്കും മറ്റുള്ളവർക്കും തടയാൻ കഴിയുന്നതിന് മുമ്പ് കൊലപാതകം നടന്നതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇതേ ആശുപത്രിയിൽ വെച്ച് തന്നെ അടിയന്തരമായി ലിജിക്ക് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല: ആശുപത്രിയിലെ ജീവനക്കാരും രോഗികൾക്ക് കൂടെയുള്ളവരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു. അങ്കമാലി പൊലീസ് കസ്‌റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്‌തുവരികയാണ്. കൊല്ലപ്പെട്ട ലിജിയും ആക്രമണം നടത്തിയ മഹേഷും തമ്മിലുള്ള വൈരാഗ്യത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.
പ്രതിയെ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമാവുകയുളളു. അതേസമയം, ആശുപത്രിയിൽ ആക്രമണം തടയുന്നതിനുള്ള നിയമമുൾപ്പെടെ നിലവിൽ വന്നിട്ടും പട്ടാപ്പകൽ ആശുപത്രിയിൽ കൊലപാതകം നടന്നതിന്‍റെ ഞെട്ടലിലാണ് ജീവനക്കാരും ജനങ്ങളും.
പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്: അതേസമയം, കഴിഞ്ഞ ദിവസം പെൺസുഹൃത്തിനെ കൊലപ്പെടുത്തി ഒരു മാസമായി ഒളിവിൽ കഴിയുകയായിരുന്ന ഡൽഹി സ്വദേശിയായ യുവാവിനെ ബെംഗളൂരു പൊലീസ് പിടികൂയിരുന്നു. ഹൈദരാബാദിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അർപിത് കരികയാണ് അറസ്‌റ്റിലായത്. ഹൈദരാബാദ് സ്വദേശിനിയായ ആകാൻക്ഷയെയാണ് (23) ഇയാൾ കൊലപ്പെടുത്തിയത്.
ജൂണ്‍ അഞ്ചിനായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. നാല് വര്‍ഷമായി അര്‍പിത് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇയാള്‍ അകാന്‍ക്ഷയെ കണ്ടുമുട്ടുന്നത്. ക്രമേണ അടുപ്പത്തിലായ, സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജീവന്‍ ഭീമ നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില കൊടിഹള്ളി സ്വകാര്യ അപ്പാര്‍ട്‌മെന്‍റില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് അര്‍പിത് ഹൈദരാബാദിലേയ്‌ക്ക് താമസം മാറി. ഇതിനിടെ ആകാന്‍ക്ഷ മറ്റൊരാളുമായി അടുപ്പത്തിലായെന്ന് പേരില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വാക്കേറ്റമുണ്ടായിരുന്നതായി ബെംഗളൂരു സിറ്റി ഈസ്‌റ്റ് ഡിസിപി ഭീമശങ്കര്‍ ഗുലേദ് പറഞ്ഞു. തന്നെ വിവാഹം കഴിക്കാന്‍ അര്‍പിത് ആകാന്‍ക്ഷയെ നിര്‍ബന്ധിച്ചിരുന്നെങ്കിലും ബന്ധം പിരിയണമെന്ന് യുവതി നിര്‍ദേശിച്ചിരുന്നു.
ഇതില്‍ ക്ഷുഭിതനായ അര്‍പിത് ജൂണ്‍ അഞ്ചിന് ഹൈദരാബാദില്‍ നിന്ന് ജീവന്‍ ഭീമനഗറിലെ കൊടിഹള്ളിയിലുള്ള ആകാന്‍ക്ഷയുടെ ഫ്ലാറ്റില്‍ എത്തി. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടപ്പോള്‍ മൃതദേഹം ഫ്ലാറ്റില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞു. തുടർന്ന് ബൈയ്യപ്പനഹള്ളി റെയിൽവേ സ്‌റ്റേഷനിലേക്ക് ഓട്ടോയിൽ യാത്ര ചെയ്യുകയും അവിടെ നിന്ന് കെ.ആർ പുരവരെ കാൽനടയായി പോവുകയും ചെയ്‌തു. അവിടെ നിന്നാണ് പ്രതിയെ കാണാതായത്.