എറണാകുളം :അങ്കമാലി അതിരൂപതയിലെ കുർബാന ഏകീകരണത്തെ എതിർക്കുന്ന വൈദികർക്ക് ഭീഷണിക്കത്തുകൾ ലഭിച്ചതായി പരാതി. വരുന്ന ക്രിസ്‌മസ് രാത്രിക്കുള്ളിൽ ജനാഭിമുഖ കുർബാനയെ അംഗീകരിക്കുന്ന വൈദികരുടെയും മെത്രാന്മാരുടെയും കൈ വെട്ടുമെന്നാണ് ഊമക്കത്തുകളിൽ ഉള്ളത് (angamali diocese mass unification).
'എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വൈദികർക്കു വേണ്ടി മാത്രമായിട്ടുള്ള സമ്മാനമാണിത് (priests got threatening letters). സഭയെ അംഗീകരിക്കാത്ത നിങ്ങൾ വിവാഹം കഴിച്ച് ജനാഭിമുഖ കുർബാന ചെല്ലി ജീവിക്കുക. അങ്ങിനെ പൂർണമായി സഭയെ അനുസരിക്കാത്തവരായി മാറുക.
അല്ലാത്ത പക്ഷം സഭയുടെ സ്ഥാപന ശതാബ്‌ദി ആഘോഷിക്കുന്ന ഈവേളയിൽ വിമത വൈദികരുടെയും മെത്രാൻമാരുടെയും കുർബാന ചെല്ലാൻ ഉപയോഗിക്കുന്ന കരങ്ങൾ വെട്ടി മാറ്റാൻ വിശ്വാസികള്‍ തീരുമാനിച്ചിരിക്കുന്നു. 2024 ക്രിസ്‌മസ് രാത്രിക്കുള്ളിൽ ഈ ശിക്ഷാനടപടികൾ ഘട്ടംഘട്ടമായി നടപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ ഇടവക വിശ്വാസി സമൂഹം തയ്യാറാക്കി. സഭയെ അനുസരിക്കാത്ത മെത്രാന്മാരെയും വൈദികരെയും വിശ്വാസികൾക്ക് ആവശ്യമില്ല. എന്നുറക്കെ പ്രഖ്യാപിക്കുന്നു.' -എന്നാണ് ഭീഷണിക്കത്തിലുള്ളത്.
പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഭീഷണിക്കത്ത് ലഭിച്ച വൈദികർ. ഇരുപതോളം വൈദികർക്ക് ഭീഷണിക്കത്ത് ഇതിനകം ലഭിച്ചിച്ചിട്ടുണ്ട്. എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ പോസ്റ്റ് ഓഫിസുകളിൽ നിന്നാണ് ഭീഷണിക്കത്തുകൾ അയച്ചതെങ്കിലും എല്ലാവർക്കും ഒരേ ഭീഷണിക്കത്തിന്‍റെ പകർപ്പ് തന്നെയാണ് ലഭിച്ചത്. അതിരൂപതയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാർപ്പാപ്പ പ്രതിനിധി അയച്ച് ശ്രമം തുടരുന്നതിനിടെയാണ് വൈദികർക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
ഊമക്കത്തുകള്‍ വഴി വധഭീഷണി മുഴക്കിയത് കൊണ്ട് എറണാകുളത്തെ വൈദികരിൽ ഒരാളുടെ നിലപാടിൽ പോലും മാറ്റമുണ്ടാകില്ലെന്ന് കുർബാന ഏകീകരണത്തെ എതിർക്കുന്ന വിശ്വാസികളുടെ കൂട്ടായ്‌മയായ അല്‍മായ മുന്നേറ്റം അറിയിച്ചു. 'ഇത്തരം ഭീഷണിക്ക് വേസ്റ്റ് പേപ്പറിന്‍റെ വില പോലും എറണാകുളത്തെ വൈദികർ നൽകില്ല. ഞങ്ങളുടെ വൈദികരുടെ മേൽ ഇത്തരം ഭീഷണിയുമായി ആരെങ്കിലും വന്നാൽ അതിനെ എങ്ങനെ നേരിടണമെന്ന് എറണാകുളത്തെ വിശ്വാസികൾക്ക് നന്നായി അറിയാമെ'ന്നും അല്‍മായ മുന്നേറ്റം അതിരൂപത സമിതി മുന്നറിയിപ്പ് നൽകി.
എറണാകുളം അതിരൂപതയിലെ വൈദികരും വിശ്വാസികളും ചർച്ചകൾക്കുള്ള വാതിൽ തുറന്നിട്ടിട്ടുണ്ട്. മാർപ്പാപ്പയുടെ പ്രതിനിധിയായും അഡ്‌മിനിസ്ട്രേറ്റർ ആയും ചർച്ചകൾക്ക് ക്ഷണിച്ചാൽ മാത്രം സഹകരിക്കുമെന്ന് അല്‍മായ മുന്നേറ്റം അറിയിച്ചു. ചർച്ചകൾ വഴി സമവായത്തിന് ശ്രമിക്കാതെ അടിച്ചേൽപ്പിക്കാനോ, അധിനിവേശത്തിനോ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് അല്‍മായ മുന്നേറ്റം പ്രസ്‌താവനയിൽ വ്യക്തമാക്കി.
Also Read:Basilica Protest | കുർബാന ഏകീകരണം ഉള്‍പ്പെടെയുള്ളവയില്‍ പ്രതിഷേധം ശക്തമാക്കി വിശ്വാസികൾ; പിന്നോട്ടില്ലെന്ന് അല്‍മായ മുന്നേറ്റം