എറണാകുളം:മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. 'വിവസ്ത്രം, വികൃതം, ഭാരതം' എന്ന ശീർഷകത്തിലാണ് സഭയുടെ മുഖപത്രം ഈ ലക്കത്തിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്. 'ഒടുവില്‍ പ്രധാനമന്ത്രി വാ തുറന്നു' എന്ന പരിഹാസത്തോടെയാണ് മുഖപ്രസംഗം ആരംഭിക്കുന്നത്.
ഹിന്ദുത്വ വര്‍ഗീയ വിദ്വേഷ രാഷ്ട്രീയത്തിന് ആയുധം നല്‍കി ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ട വംശീയ ഉന്മൂലന പരിപാടികള്‍ മണിപ്പൂരില്‍ ആരംഭിച്ചിട്ട് 79 ദിവസങ്ങള്‍ പൂര്‍ത്തിയായ വേളയിലാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ ആദ്യമായി പ്രതികരി ച്ചത്. പക്ഷേ, ചുരുങ്ങിയ വാക്കുകളില്‍ വിഷയത്തെ വല്ലാതെ ചുരുക്കിക്കളയാനുള്ള ശ്രമം ആ പ്രസ്‌താവനയില്‍ ഉടനീളമുണ്ടായി എന്നും സത്യദീപം വിമർശിക്കുന്നു. മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകളോടുള്ള അനുഭാവവും ആ സംഭവത്തിലുള്ള നടുക്കവും ദുഃഖവുമാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. രാജ്യത്തിനാകെ നാണക്കേടായെന്നാണ് അദ്ദേഹം പ്രസ്‌താവിച്ചത്.
നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട കലാപം തുടങ്ങി മാസങ്ങളോളം പ്രധാനമന്ത്രി പുലര്‍ത്തിയ മൗനമാണ് അതിലേറെ നാണക്കേടെന്ന അതിരൂക്ഷമായ വിമർശനവും സത്യദീപം ഉന്നയിക്കുന്നു. ഈ കാര്യം അദ്ദേഹത്തോട് പറഞ്ഞുകൊടുക്കാന്‍ പോലും ആര്‍ക്കും കഴിയാത്തവിധം ദുര്‍ബലമായ ജനാധിപത്യ വ്യവസ്ഥിതിയുടെ വ്യതിചലന വഴിയിലാണ് നാം.
ഛത്തീസ്‌ഗഡിലേയും രാജസ്ഥാനിലേയും അതിക്രമങ്ങള്‍ക്കൊപ്പം മണിപ്പൂരിലേതും ചേര്‍ത്തുവച്ച് വംശീയ കലാപത്തെ വല്ലാതെ ലളിതവത്‌ക്കരിക്കാനുള്ള പരിശ്രമമാണ് നടത്തിയതെന്നും സഭയുടെ മുഖപത്രം ചൂണ്ടിക്കാണിക്കുന്നു.
'പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തെ പൊള്ളലോടെ ഓര്‍മിപ്പിക്കുന്നു':മെയ് മൂന്ന് മുതല്‍ തുടങ്ങിയ മണിപ്പൂര്‍ കലാപത്തെക്കുറിച്ച് ഒരക്ഷരം പറയാതിരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചുവെന്നും മുഖപ്രസംഗത്തിൽ എടുത്തുപറയുന്നു. ഇതിനിടെയില്‍ പ്രധാനമന്ത്രിയെക്കൊണ്ട് പാര്‍ലമെന്‍റില്‍ മിണ്ടിക്കാന്‍ അവിശ്വാസ പ്രമേയത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. കുക്കി ക്രിസ്ത്യന്‍ യുവതികളെ വിവസ്ത്രരായി നടത്തിച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം മഹാഭാരതത്തിലെ കൗരവസഭയിലെ പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തെ പൊള്ളലോടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഇന്ത്യയെന്നല്ല, ഭാരതമെന്നാണ് നാടറിയപ്പെടേണ്ടതെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം വിളിച്ചുപറയുന്ന ബിജെപി നേതാക്കള്‍ ഭരിക്കുന്ന നാട്ടില്‍ത്തന്നെയാണ് ഇത് നടന്നതെന്നത് മറക്കരുത്. സമാനരീതിയില്‍ അതിക്രമം നേരിട്ടവരില്‍ കൂടുതല്‍ സ്ത്രീകളുണ്ടെന്ന വസ്‌തുതകള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. പൊലീസില്‍ പരാതിപ്പെട്ടിട്ടും തെളിവില്ലെന്ന് പറഞ്ഞ് അവഗണിച്ചു. കങ്‌പോക് ജില്ലയിലെ വീട്ടില്‍നിന്ന് തങ്ങളെ പിടിച്ചുകൊണ്ടുപോയ പൊലീസ് ആള്‍ക്കൂട്ടത്തിന് കൈമാറുകയായിരുന്നു എന്നാണ് ഇരയുടെ വെളിപ്പെടുത്തല്‍. ഇരകള്‍ പീഡിപ്പിക്കപ്പെട്ടത് പലപ്പോഴും പൊലീസ് സംരക്ഷണയിലാണെന്ന ആരോപണവുമുണ്ട്.
'ഇതുപോലെ നൂറുകണക്കിന് സംഭവങ്ങളുണ്ടെന്നാണ്' മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് പത്രക്കാരോട് പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളുടെ രാജി ആവശ്യം അദ്ദേഹം തുടര്‍ച്ചയായി തള്ളുകയാണ്. 'സ്ത്രീകള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ഭരണഘടനാധിഷ്‌ഠിത ജനാധിപത്യരാജ്യത്ത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ രംഗത്തിറങ്ങണം അല്ലെങ്കില്‍ കോടതി ഇടപെടും.' - മണിപ്പൂര്‍ വിഷയത്തിലിടപെട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞതാണിത്.
ഏറ്റവുമൊടുവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഭരണഘടനാവ്യവസ്ഥകള്‍ ലംഘിച്ചാല്‍ പോലും കേന്ദ്ര സര്‍ക്കാരിന് മിണ്ടാട്ടമില്ലെന്ന സുപ്രീം കോടതിയുടെ അതിരൂക്ഷ വിമര്‍ശനം മണിപ്പൂര്‍ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായി. പ്രത്യേക മതം കുറ്റമായിത്തീരുന്ന 2002ലെ ഗുജറാത്തിനേയും 2008ലെ കാണ്ഡമാലിനേയും ഓര്‍മിപ്പിക്കുന്ന വംശീയ വിച്ഛേദനം തന്നെയാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നതെന്നും സത്യദീപം വിലയിരുത്തുന്നു.
'വിവസ്ത്രമായത് ഇന്ത്യന്‍ ജനാധിപത്യമാണ്':അക്രമം പൊട്ടിപ്പുറപ്പെട്ട് പിറ്റേദിവസം അതായത് മെയ് നാലിനാണ് ഇപ്പോള്‍ പുറത്തുവന്ന 36 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ആസ്‌പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം മാത്രമാണ് അത് പുറംലോകം കണ്ടത്. ആ വീഡിയോ പുറത്തുവന്നതുകൊണ്ട് മാത്രമാണ് മാസങ്ങളായി പുകയുന്ന മണിപ്പൂര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായതും പ്രധാനമന്ത്രി അല്‍പമെങ്കിലും മിണ്ടാന്‍ നിര്‍ബന്ധിതനായതും.
ഉത്തരവാദിത്തപ്പെട്ടവരെക്കൊണ്ട് ഒന്നു മിണ്ടിക്കാന്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടണമോ എന്ന ചോദ്യമുണ്ട്. യഥാര്‍ഥത്തില്‍ വിവസ്ത്രമായത് ഇന്ത്യന്‍ ജനാധിപത്യമാണ്. കലാപം തുടങ്ങി അധികം വൈകാതെ മണിപ്പൂരില്‍ ഇന്‍റെര്‍നെറ്റ് സേവനം ഇല്ലാതാക്കി. വിദ്വേഷ പ്രചാരണത്തിനെതിരെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, യഥാര്‍ഥത്തില്‍ മണിപ്പൂരില്‍ നടന്നതും നടക്കുന്നതും പുറംലോകം അറിയാതിരിക്കാനാണ് ഇന്‍റെര്‍നെറ്റ് സേവനം ഇല്ലാതാക്കിയതെന്നത് വ്യക്തമാകുന്നുണ്ട്.
വിവാദ വീഡിയോ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം വന്നു. (82 ദിവസങ്ങള്‍ക്കുശേഷം ഇന്‍റെര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിച്ചു). 2023 ഏപ്രില്‍ ആറിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഐടി ചട്ടഭേദഗതിയിലെ ചില വ്യവസ്ഥകള്‍വഴി, വാര്‍ത്തകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുനനിര്‍ണയിച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെക്കുറിച്ചല്ല, അതിനെക്കുറിച്ച് പറയുന്നത് കുറ്റകരമാകുന്ന കാലം ഫാസിസത്തിന്‍റേതല്ലാതെ മറ്റെന്താണെന്നും സത്യദീപം ചുണ്ടിക്കാട്ടുന്നു.
മണിപ്പൂരില്‍ യഥാര്‍ഥത്തില്‍ നടന്നതെന്തെന്ന് നമുക്കറിയുമോ?:ചില വാര്‍ത്തകള്‍ സര്‍ക്കാര്‍ വിരുദ്ധമെന്ന് സര്‍ക്കാര്‍ തന്നെ തീരുമാനിച്ച്, അവര്‍ തന്നെ അത് നിരോധിക്കുന്ന, വാര്‍ത്ത നിയന്ത്രണത്തിന്‍റേയല്ല, വാര്‍ത്ത നിരോധനത്തിന്‍റെ പുതിയ കാലത്ത്, മണിപ്പൂരില്‍ യഥാര്‍ഥത്തില്‍ നടന്നതെന്തെന്ന് എന്നെങ്കിലും നാം അറിയുമോ?. ഇന്ത്യയില്‍ ജനാധിപത്യ ധ്വംസനങ്ങളും ന്യൂനപക്ഷ ഗോത്ര പീഡനങ്ങളും ആവര്‍ത്തിക്കപ്പെടുന്നതിനിടെയിലാണ് മാനവികതയുടെ അന്താരാഷ്ട്ര ബഹുമതികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നമ്മുടെ പ്രധാനമന്ത്രി ഓടി നടന്ന് കൈപ്പറ്റിയതെന്നും നാം ഇതിനോട് ചേര്‍ത്തുവായിക്കണം.
ഗോത്ര വംശജയായ ശ്രീമതി ദ്രൗപദി മുര്‍മു രാഷ്ട്രപതിയായിരിക്കുന്ന കാലത്താണ് ഗോത്ര സ്ത്രീകള്‍ക്ക് ഈ വിധം ദാരുണാനുഭവമുണ്ടാകുന്നത്. രാഷ്ട്രപതിസ്ഥാനത്തെ വെറുമൊരു പദവിയായല്ലാതെ, ജനാധിപത്യത്തിന്‍റെ കാവല്‍ച്ചുമതലയായി കണ്ട് കയറിയിരുന്നവരുടെ ശ്രേണിയില്‍ ഒരു സ്ത്രീയായ മുര്‍മു തുടരുമ്പോള്‍ മണിപ്പൂരിനെക്കുറിച്ചുള്ള അവരുടെ ഇപ്പോഴും തുടരുന്ന മൗനം പേടിപ്പെടുത്തുന്നതാണ്. സ്വന്തം ജനതയെ അതിക്രൂരമരണത്തിന് നിര്‍ദയം വിട്ടുകൊടുത്തുകൊണ്ട് വോട്ടുറപ്പിക്കുന്ന നീചരാഷ്ട്രീയത്തെ ഇന്ത്യന്‍ ജനാധിപത്യം ഇനി എത്രനാള്‍ സഹിക്കണം എന്ന ചോദ്യമുണ്ട്.
2019ലെ പുല്‍വാമ വ്യാജ ഏറ്റുമുട്ടലിലൂടെ അധികാരമുറപ്പിച്ചവര്‍ അവരുടെ മൂന്നാം ഊഴത്തിനായി ബലാത്സംഗത്തെ രാഷ്ട്രീയായുധമാക്കുമ്പോള്‍ വര്‍ഗീയതയ്ക്കപ്പുറം വംശീയ ഉന്മൂലനമെന്ന അതികഠിനനാളുകള്‍ ഇന്ത്യയുടേതാവുകയാണ്. പേര് ഇന്ത്യയോ, ഭാരതമോ എന്നതല്ല ജാതിമതവര്‍ഗഭേദമെന്യേ സാധാരണക്കാരുടെ അഭയസ്ഥാനമായും സ്ത്രീകളുടെ സുരക്ഷിതയിടമായും നാട് മാറുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും സത്യദീപം ഓർമിപ്പിക്കുന്നു.