എറണാകുളം: 22 വർഷം പിന്നിട്ടിട്ടും സ്ഥലം ഏറ്റെടുക്കുകയോ പദ്ധതി ഉപേക്ഷിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ അങ്കമാലി ശബരി റെയിൽവെ പദ്ധതിയില്‍ അനിശ്ചിതത്വം തുടരുന്നു. കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പൂർ പ്രദേശത്താണ് പദ്ധതിക്ക് വേണ്ടി ഭൂമി അളക്കുകയും വേര്‍തിരിച്ച് കല്ല് സ്ഥാപിച്ചിട്ടുമുള്ളത്. എന്നാൽ പദ്ധതി നടപ്പിലാക്കാത്തത് പ്രദേശവാസികളെ ആശങ്കയിലാക്കുകയാണ്. വീടും സ്ഥലവും വിൽക്കാനോ പണയപ്പെടുത്താനോ സാധിക്കാത്ത പ്രതിസന്ധിയിലാണ് ഭൂരിഭാഗം കുടുംബങ്ങളും.
അങ്കമാലി - ശബരി റെയിൽവെ പദ്ധതി നീളുന്നു; പ്രദേശവാസികൾ ആശങ്കയില്‍ - ഇടുക്കി എംപി ഡീൻ കുര്യാക്കോസ്
വീടും സ്ഥലവും വിൽക്കാനോ പണയപ്പെടുത്താനോ സാധിക്കാത്ത പ്രതിസന്ധിയില്‍ പ്രദേശത്തെ കുടുംബങ്ങൾ
പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ആക്ഷൻ കൗൺസിൽ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് അങ്കമാലി ശബരി റെയിൽവെ പദ്ധതി നടത്തിപ്പിന് സർക്കാരുകളുടെ മേൽ ശക്തമായ സമ്മർദം ചെലുത്താൻ യോഗത്തിൽ തീരുമാനിച്ചതായി ഡീൻ കുര്യാക്കോസ് പറഞ്ഞു. കാലടിയില്‍ റെയിൽവെ സ്റ്റേഷൻ നിര്‍മാണം മാത്രമാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്‌തത്. 580 കോടി രൂപ ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ പദ്ധതി ഇപ്പോൾ പൂർത്തികരിക്കണമെങ്കിൽ 2,815 കോടി രൂപയെങ്കിലും വേണ്ടി വരും. പദ്ധതിയുടെ തുടക്കത്തിൽ 50% ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്ന് അറിയിച്ചെങ്കിലും പിന്നീട് വാഗ്‌ദാനം പിൻവലിച്ചിരുന്നു. മുഴുവൻ ഫണ്ടും കേന്ദ്രം വഹിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പദ്ധതി അനന്തമായി നീളുകയായിരുന്നു. പദ്ധതിയുടെ നടത്തിപ്പിൽ നിന്ന് സർക്കാർ പിന്നോട്ട് പോയ സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിച്ച് പ്രദേശവാസികളുടെ ബാങ്ക് വായ്‌പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് അങ്കമാലി ശബരി റെയിൽവെ സമരസമിതിയുടെ ആവശ്യം.