എറണാകുളം :ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയിൽ രാജിവച്ചതിനെ തുടർന്നാണ് പുതിയ നിയമനം. കുർബാന ഏകീകരണം സംബന്ധിച്ച് സിനഡ് തീരുമാനം നടപ്പാക്കുന്നതിൽ ബിഷപ്പ് ആന്‍റണി കരിയിൽ സാവകാശം തേടിയിരുന്നു.
അതിരൂപതയിലെ വിശ്വാസികളുടെയും വൈദികരുടെയും ശക്തമായ പ്രതിഷേധം കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ ഇതേ തുടർന്ന് സിറോ മലബാർ സഭാനേതൃത്വം ബിഷപ്പിനെ പുറത്താക്കാനുള്ള നടപടിയെടുത്തു. തുടർന്ന് വത്തിക്കാൻ സ്ഥാനപതി ആവശ്യപ്പെട്ടതിനെ തുടർന്ന് ആന്‍റണി കരിയിൽ രാജിക്കത്ത് നൽകുകയായിരുന്നു.
രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ നിയമിക്കുകയായിരുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ജൂലൈ 30 ശനിയാഴ്‌ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30 ന് സഭാകാര്യാലയമായ മൗണ്ട് സെന്‍റ് തോമസിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നു. അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് ജൂലൈ 29 വെള്ളിയാഴ്‌ച ഡല്‍ഹിയില്‍ നിന്ന് അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ലെയോപോള്‍ദോ ജിറേല്ലി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയിരുന്നു.
തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പിന്‍റെ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടായിരിക്കും മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയില്‍ അപ്പസ്തോലിക് അഡ്‌മിനിസ്‌ട്രേറ്ററുടെ ചുമതല നിര്‍വഹിക്കുക. ഒരു രൂപതാ മെത്രാന്‍റെ അവകാശങ്ങളോടും ഉത്തരവാദിത്വങ്ങളോടുംകൂടിയാണ് അതിരൂപതയില്‍ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റര്‍ പ്രവര്‍ത്തിക്കുക.
എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം റോമിലേക്ക് വിളിപ്പിച്ച മെത്രാന്മാരില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തും ഉള്‍പ്പെട്ടിരുന്നു.