എറണാകുളം : മുന്‍ മിസ് കേരള Ancy Kabeer അടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കൊച്ചിയിലെ No.18 ഉടമ റോയി ജെ വയലാട്ടിനെ പൊലീസ് ഹോട്ടലിലെത്തിച്ച് പരിശോധന നടത്തി. കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌ത് വിട്ടയച്ച ഇയാളെ ബുധനാഴ്‌ച വീണ്ടും വിളിപ്പിക്കുകയായിരുന്നു.
മോഡലുകളടക്കം പങ്കെടുത്ത സ്വകാര്യ ഹോട്ടലിലെ ഡി.ജെ.പാർട്ടി (DJ Party)യുടെ ദൃശ്യങ്ങൾ കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടാണ് ഉടമയുടെ സാന്നിധ്യത്തിൽ ഹോട്ടലിൽ പരിശോധന നടത്തിയത്.
ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ (DVR) റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇതിലും നിശാ പാർട്ടിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ദൃശ്യങ്ങളടങ്ങിയ മറ്റൊരു ഡി.വി.ആർ കൂടി ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇത് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞാൽ തെളിവ് നശിപ്പിച്ചതിന് ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസെടുക്കും.
മുൻ മിസ് കേരളയുടെ അപകട മരണം: ഹോട്ടലില്‍ ഉടമയുടെ സാന്നിധ്യത്തില്‍ പൊലീസിന്‍റെ പരിശോധന ദൃശ്യങ്ങൾ മാറ്റിയെന്ന് പൊലീസിന് മൊഴി
അപകടത്തിന് ശേഷം ഈ ദൃശ്യങ്ങൾ ഹോട്ടൽ അധികൃതർ മാറ്റിയെന്നാണ് പൊലീസിന് മൊഴി ലഭിച്ചത്. ഉടമ പറഞ്ഞത് അനുസരിച്ച് ദൃശ്യങ്ങൾ മാറ്റിയതായാണ് ജീവനക്കാരൻ പൊലീസിനെ അറിയിച്ചത്. ഈയൊരു സാഹചര്യത്തിലാണ് ഹോട്ടൽ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നത്. അനുമതിയില്ലാതെ മദ്യം വിളമ്പിയെന്ന ആരോപണമന്വേഷിക്കാൻ എക്സൈസ് സംഘവും ഹോട്ടലിലെത്തി പരിശോധന നടത്തി.
also read: 'സെങ്കിണിക്ക് സൂര്യയുടെ സഹായമെത്തി': പാര്‍വതി അമ്മാളിന് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
നവംബർ ഒന്നിന് പുലർച്ചെയാണ് ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ (Holiday Inn) ഹോട്ടലിന് മുന്നില്‍ ദാരുണമായ അപകടം നടന്നത്. ഫോർട്ട് കൊച്ചിയിൽ നിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയാണ് മോഡലുകൾ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (Ancy Kabeer), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ (Anjana Shajan) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇതേ കാറിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെയും മരിച്ചു.