എറണാകുളം:അഞ്ചേരി ബേബി വധം പുനരന്വേഷണത്തിൽ പ്രതിചേർത്ത മുൻ മന്ത്രി എം.എം മണി ഉൾപ്പടെ മൂന്നുപേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. എം.എം. മണി നടത്തിയ വിവാദ പ്രസംഗത്തിൻ്റെ പേരിലായിരുന്നു ഒ.ജി മദനൻ, പാമ്പുപാറ കുട്ടൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പ്രതിയാക്കിയത്. ഇവർ നൽകിയ വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു. ഈ കേസിൽ നേരത്തെ എം.എം മണിയെ അറസ്റ്റ് ചെയ്തിരുന്നു.
യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎൻടിയുസി മണ്ഡലം പ്രസിഡന്‍റുമായിരുന്ന ബേബി അഞ്ചേരി 1982 നവംബർ 13നാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. പിന്നീട് സിപിഎം ഇടുക്കി മുൻ ജില്ല സെക്രട്ടറിയും മുൻ വൈദ്യുതി മന്ത്രിയുമായ എം.എം മണി ഇടുക്കി ജില്ലയിലെ മണക്കാട് വച്ച് 2012 മെയ് 25ന് നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് ഈ കേസിൽ പുനരന്വേഷണം ആരംഭിക്കുകയും എം.എം മണിയുൾപ്പടെ മൂന്ന് പേരെ പ്രതി ചേർക്കുകയും ചെയ്തിരുന്നു.