എറണാകുളം: സിനിമയിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ വ്യക്തിത്വമാണ് കിഷോർ. (Actor Kishore Interview). അഭിനയം കഴിഞ്ഞാൽ തനിക്ക് ഏറ്റവും ഇഷ്‌ടം പാചക കല ആണെന്ന് കിഷോർ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിച്ചപ്പോൾ ഭക്ഷണം തെരഞ്ഞെടുക്കാൻ കാരണമായതും. ഭക്ഷണത്തോടുളള കിഷോറിന്‍റെ പ്രിയമങ്ങനെ അമ്മവീടെന്ന റസ്‌റ്റോറന്‍റിലുമെത്തി നിൽക്കുകയാണ്. കിഷോർ തന്‍റെ അഭിനയ വിശേഷങ്ങളും റസ്റ്റോറന്‍റ് വിശേഷങ്ങളും ഇടിവി ഭാരതിനോട് പങ്കുവെച്ചു.
നാടൻപാട്ട് കലാകാരൻ ആയിരുന്ന കിഷോർ മിമിക്രി കലാ വേദിയിലും സജീവമാണ്. പാരലൽ കോളേജ് അധ്യാപകനായാണ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് കലാ മേഖലയിലേക്ക് ചേക്കേറുകയായിരുന്നു. ഭക്ഷണവും അഭിനയവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു എന്ന ചോദ്യത്തിന് രണ്ടും ഒരുപോലെ ജീവിതത്തിൽ ഇഷ്‌ടമുള്ള കാര്യങ്ങൾ ആയതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകുന്നില്ല എന്നതാണ് കിഷോറിന്‍റെ ഉത്തരം.
തിരുവനന്തപുരത്ത് തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിനോട് ചേർന്ന് കിഷോർ നടത്തുന്ന അമ്മ വീട് റസ്‌റ്റോറന്‍റിൽ നാടൻ വിഭവങ്ങളാണ് വിളമ്പുക. കടൽമീൻ, ബീഫ് വറുത്തരച്ചത്, പോർക്ക് ചിക്കൻ വിഭവങ്ങൾ, നാടൻ ഊണ് അടക്കമുള്ള വിഭവങ്ങളുണ്ട്.
"സിനിമയിൽ ഏറ്റവും അടുപ്പം മണിയൻപിള്ള രാജുവിനോട് തന്നെ. മരിക്കും വരെ മണിച്ചേട്ടനോടും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ബാലയും നല്ല സുഹൃത്ത് തന്നെ. എല്ലാവരും ഭക്ഷണ പ്രിയർ ആയതുകൊണ്ട് തന്നെയാണ് ആ സൗഹൃദം ദൃഢമായത്. സിനിമയിൽ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് മണിയൻപിള്ള രാജുവാണ്. കൃത്യം ഒരുമണി എന്നൊരു സമയമുണ്ടെങ്കിൽ അദ്ദേഹത്തിന് ഊണ് കഴിച്ചിരിക്കണം. നല്ല രുചി തേടി എവിടെ പോകാനും മടിയില്ല. കിഷോർ നല്ല പാചകക്കാരൻ ആയതുകൊണ്ട് തന്നെ അദ്ദേഹവുമായി വളരെ പെട്ടെന്ന് അടുത്തിരുന്നു"എന്ന് കിഷോർ പറയുന്നു.
കുഞ്ഞളിയൻ എന്ന ജയസൂര്യ ചിത്രത്തിലെ സെറ്റ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകില്ല. സിനിമയിൽ ഏറ്റവും കൂടുതൽ ബന്ധങ്ങൾ ഉണ്ടാക്കിയത് തന്നെ കുഞ്ഞളിയൻ ചിത്രീകരണത്തിനിടയിൽ ആയിരുന്നു. 'പ്രിയപ്പെട്ട നാട്ടുകാരെ' എന്ന കലാഭവൻമണി ചിത്രത്തിന്‍റെ ചിത്രീകരണ സമയവും മറക്കാനാവാത്തതാണ്.