എറണാകുളം: സ്ത്രീ സുരക്ഷക്ക് പ്രാമുഖ്യം നൽകി താരസംഘടനയായ അമ്മയുടെ നിയമാവലി പുതുക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതിനുള്ള ഇന്‍റേണൽ കമ്മിറ്റി രൂപീകരിക്കുന്നതടക്കം ഡബ്ളിയു.സി.സി ഉന്നയിച്ച ആവശ്യങ്ങൾ കൂടി ഉൾക്കൊണ്ടാണ് നിയമാവലിയിൽ മാറ്റം വരുത്തിയത്. ഇത്തരം വിഷയങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി സംഘടനയില്‍ നിന്ന് രാജിവച്ചവർ തിരിച്ചുവരുമോ എന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് പ്രസിഡന്‍റ് മോഹൻലാൽ പ്രതികരിച്ചു.
കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറൽ ബോഡിയിലാണ് 27 വര്‍ഷം പഴക്കമുള്ള അമ്മയുടെ നിയമാവലി പുതുക്കിയത്. സ്ത്രീ സുരക്ഷയ്ക്കായി പുറത്തുനിന്ന് ഒരാൾകൂടി ഉൾപ്പെടുന്ന അഞ്ചംഗ ഇന്‍റേണൽ കമ്മിറ്റി നിലവിൽ വരും. അതേസമയം ഞായറാഴ്ച താരസംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരെഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിന് തിരിച്ചടി നേരിട്ടു. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച മണിയൻപിള്ള രാജു വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Also Read: AMMA Meeting | 'അമ്മ' ജനറല്‍ ബോഡി യോഗം ആരംഭിച്ചു; എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ഇന്ന് തെരഞ്ഞെടുക്കും
ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച ലാൽ, വിജയ് ബാബു എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും വിജയിച്ചു. ശ്വേതാ മേനോൻ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ആശാ ശരത്താണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ഹണി റോസ്, നിവിൻ പോളി, നാസർ ലത്തീഫ് എന്നിവരും പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പ് നടന്നത് ഇതിന് മുമ്പ് രണ്ട് തവണ മാത്രം
ബാബുരാജ്, ലെന, രചന നാരായണൻകുട്ടി, ടോവിനോ തോമസ്, ടിനി ടോം, മഞ്ജു പിള്ള, സുരഭി ലക്ഷ്മി, ഉണ്ണി മുകുന്ദൻ, സുധീർകരമന, എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ. ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണ് താരസംഘടനയിൽ കമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടന്നത്. 316 പേരാണ് ജനറൽ ബോഡി യോഗത്തിലും വോട്ടെടുപ്പിലും പങ്കെടുത്തത്.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് മോഹൻലാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എതിരില്ലാതെയാണ് മോഹൻലാൽ വീണ്ടും അമ്മയുടെ പ്രസിഡന്‍റായത്. ജനറൽ സെക്രട്ടറി ഇടവേള ബാബു, ജോയിന്‍റ് സെക്രട്ടറി ജയസൂര്യ, ട്രഷറർ സിദ്ദിഖ് എന്നിവരും എതിരില്ലാതെ വിജയിച്ചിരുന്നു.