കൊച്ചി: നടൻ ഷെയ്‌ൻ നിഗത്തിനെതിരായ സിനിമാ വിലക്ക് പിൻവലിച്ചു. കൊച്ചിയിൽ അമ്മ ഭാരവാഹികളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. മുടങ്ങിയ സിനിമകളായ വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം ഉടൻ പൂർത്തിയാക്കാനും തീരുമാനമായി. ഷെയ്‌ൻ നിഗവും യോഗത്തിൽ പങ്കെടുത്തു. കേരള ഫിലിം ചേമ്പർ ഉൾപ്പടെ ഷെയ്‌നിനെതിരെ ഏർപ്പെടുത്തിയ വിലക്കും ഇതോടെ ഇല്ലാതാവും.
ചര്‍ച്ച ഫലം കണ്ടു; ഷെയ്‌ൻ നിഗത്തിന്‍റെ വിലക്ക് പിൻവലിച്ചു - ജോബി ജോർജ്
ഷെയ്‌നിന്‍റെ പുതിയ സിനിമകൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
ജോബി ജോർജ് നിർമിക്കുന്ന സിനിമയായ വെയിൽ അടുത്ത വ്യാഴാഴ്‌ച തുടങ്ങി 18 ദിവസം കൊണ്ട് പൂർത്തിയാക്കും. മാർച്ച് 31ന് തുടങ്ങി ഏപ്രിൽ 14ന് കുർബാനി സിനിമയുടെ ചിത്രീകരണവും പൂർത്തിയാക്കും. ഏപ്രിൽ 15 മുതൽ ഷെയ്‌ൻ നിഗത്തിന് പുതിയ സിനിമകളിൽ അഭിനയിക്കാൻ കഴിയും. സിനിമാ മേഖലയിലെ എല്ലാം സംഘടനകളും ചേർന്ന് പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിച്ചുവെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ആന്‍റോ ജോസഫ് പറഞ്ഞു. ഷെയ്‌നിന്‍റെ പുതിയ സിനിമകൾക്ക് നിർമാതാക്കൾ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
സിനിമാ വ്യവസായത്തിന്‍റെ വിജയത്തിന് വേണ്ടി വിട്ടുവീഴ്‌ചകൾ ചെയ്‌തിട്ടുണ്ട്. ഇത് ആരുടെയെങ്കിലും വിജയമോ തോൽവിയോ അല്ല. നിർമാതാക്കൾക്കും ഷെയ്‌നിനും ഗുണകരമായ തരത്തിലാണ് തീരുമാനങ്ങളെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയ്‌ൻ കാരണം മുടങ്ങിയ രണ്ട് സിനിമകൾക്ക് നഷ്‌പരിഹാരം നൽകണമെന്നതായിരുന്നു നിർമാതാക്കളുടെ പ്രധാന ആവശ്യം. ഇന്നലെ നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗം ഈ തീരുമാനം അംഗീകരിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴി തെളിഞ്ഞത്. ഇതോടെയാണ് മാസങ്ങൾ നീണ്ട ഷെയ്‌ൻ വിവാദത്തിനാണ് ശുഭകരമായ പരിസമാപ്‌തിയാവുന്നത്. നിർമാതാവ് ജോബി ജോർജ് ചർച്ചയ്ക്കിടെ ഷെയ്‌നിന്‍റെ കൈപിടിച്ച് ചുംബിച്ചത് ചിരി പടർത്തി. ഇരുവരും തമ്മിലുള്ള പ്രശ്‌നമാണ് ഷെയ്‌നിനെതിരായ സിനിമാ വിലക്കിൽ വരെ കാര്യങ്ങൾ എത്തിച്ചത്. കൊച്ചിയിലെ കെഎഫ്‌പിഎ ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ഫെഫ്‌ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണനും പങ്കെടുത്തു.