കൊച്ചി: താര സംഘടന 'അമ്മ'യുടെ നിയമാവലി ഭേദഗതി ചെയ്യുന്നതില്‍ തീരുമാനമാകാതെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പിരിഞ്ഞു. ഇന്നലെ പ്രവർത്തക സമിതി യോഗത്തിൽ പാസാക്കിയ കരട് രൂപരേഖയാണ് അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് മാറ്റി വച്ചത്. ഇരുപത്തിയഞ്ചാമത് വാർഷിക ജനറൽ ബോഡി യോഗം ഞായറാഴ്ച കൊച്ചിയിലാണ് ചേര്‍ന്നത്. സംഘടനയുടെ നേതൃനിരയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുക, ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുക, അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസുണ്ടായാൽ സ്വീകരിക്കേണ്ട നിലപാടുകൾ തുടങ്ങിയ വിഷയങ്ങളില്‍ യോഗത്തില്‍ തീരുമാനമായില്ല.
നിയമാവലി ഭേദഗതിയിൽ തീരുമാനമാകാതെ 'അമ്മ' ജനറൽ ബോഡി യോഗം - മോഹൻലാൽ
'അമ്മ'യിൽ നിന്നും രാജിവച്ച് പോയവർ തിരിച്ച് വരാൻ അപേക്ഷ നൽകിയാൽ പരിഗണിക്കുമെന്ന് മോഹൻലാൽ.
അംഗങ്ങൾക്കിയടിൽ വ്യത്യസ്ഥ അഭിപ്രായം ഉയർന്ന സാഹചര്യത്തിലാണ് നിയമാവലി ഭേദഗതി ചെയ്യാനുള്ള തീരുമാനം മരവിപ്പിച്ചതെന്ന് പ്രസിഡന്‍റ് മോഹൻലാൽ പറഞ്ഞു. നിയമാവലി ഭേദഗതി എപ്പോൾ നടപ്പാക്കുമെന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ല. അംഗങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാനുള്ള സാവകാശം നൽകിയിരിക്കുകയാണ്. നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മയിൽ നിന്നും രാജി വച്ച് പോയവർ തിരിച്ച് വരാൻ അപേക്ഷ നൽകിയാൽ പരിഗണിക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. താൽപര്യമുണ്ടെങ്കിൽ അവർക്ക് സംഘടനയിലേക്ക് തിരികെ വരാമെന്നും മോഹൻലാൽ പറഞ്ഞു.
നിയമാവലി ഭേദഗതിയുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ളവര്‍ വിയോജിപ്പ് അറിയിച്ചുവെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. നിയമാവലി ഭേദഗതിയുമായി ബന്ധപ്പെട്ട് വീണ്ടും ജനറൽ ബോഡി വിളിക്കണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അമ്മ ഭാരവാഹികൾ അറിയിച്ചു. അതേസമയം തങ്ങൾ ഉന്നയിച്ച സ്ത്രീ പ്രാതിനിധ്യം, തൊഴിലടങ്ങളിലെ സുരക്ഷ തുടങ്ങിയ പ്രധാന കാര്യങ്ങളിലൊന്നും തീരുമാനമുണ്ടായിട്ടില്ലെന്നും ഡബ്ല്യുസിസിയുടെ നിലപാട് പിന്നീട് അറിയിക്കുമെന്നും നടിമാരായ പാർവ്വതിയും രേവതിയും അറിയിച്ചു.