എറണാകുളം: നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചതായി ആക്ഷേപം. ക്ഷേത്രത്തില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് ക്ഷേത്ര അധികൃതര്‍ നടിക്ക് ദര്‍ശനം നിഷേധിച്ചതെന്നാണ് ആക്ഷേപമുള്ളത്. ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ചാണ് തിങ്കളാഴ്ച അമല പോള്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്.
പ്രവേശനം നിഷേധിച്ചതോടെ നടി റോഡില്‍ നിന്ന് ദര്‍ശനം നടത്തി പ്രസാദവും വാങ്ങി മടങ്ങുകയായിരുന്നു. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിനു കീഴിലാണ് ക്ഷേത്ര ഭരണം. നിലവിലെ ആചാരങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് ക്ഷേത്ര ഭരണ സമിതിയുടെ നിലപാട്.
വിമർശിച്ച് ഹിന്ദു ഐക്യവേദി നേതാവ് : നടിക്ക് ദര്‍ശനം നിഷേധിച്ചതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് ആർ.വി.ബാബു രംഗത്തെത്തി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് നടിയെ പിന്തുണച്ചത്. ഇന്നലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പ്രശസ്ത നടി അമല പോളിന് ക്ഷേത്ര പ്രവേശനം അനുവദിച്ചില്ല. അതിലുള്ള അവരുടെ പ്രതിഷേധം അവർ പ്രകടിപ്പിക്കുകയും ചെയ്തു.
ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥർക്ക് മുന്നിൽ ക്ഷേത്ര വാതിൽ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്‍റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നൽകുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
തിരുപ്പതി അടക്കമുള്ള ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന പോലെ പ്രസ്തുത മൂർത്തിയിലും ആചാരനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസം എഴുതി വാങ്ങി അവർക്ക് ക്ഷേത്ര ദർശനം അനുവദിക്കാവുന്നതല്ലേ ? ആചാര്യൻമാർ ഈ വിഷയത്തിൽ ചർച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കുമെന്നും ആർ.വി. ബാബു അഭിപ്രായപ്പെട്ടു.