എറണാകുളം:ആലുവയിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമാണിത്. ആലുവ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
തുരുത്ത് വിത്തുത്‌പാദന കേന്ദ്രം കാര്‍ബണ്‍ ന്യൂട്രലായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പത്ത് വര്‍ഷമായി ജൈവ സാക്ഷ്യപത്രത്തോടെ പ്രവര്‍ത്തിക്കുന്ന വിത്ത് ഉത്പാദന കേന്ദ്രം ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം എന്ന നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം. വിത്തുത്‌പാദന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കാനായി മുഖ്യമന്ത്രി ആലുവ തുരുത്തിലെ വിത്തുത്പാദന കേന്ദ്രത്തിലെത്തി.
സംസ്ഥാനത്തെ ഭക്ഷ്യസ്വയം പര്യാപ്‌തതയിലേക്ക് ഉയർത്തേണ്ടതുണ്ടെന്നും അതോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാർബൺ ന്യൂട്രൽ എന്ന ആശയം പ്രസക്തമാകുന്നത് ഇവിടെയാണ്. 140 മണ്ഡലങ്ങളിലും കാർബൺ ന്യൂട്രൽ കൃഷിഭൂമികളും ഇതിന്‍റെ ഭാഗമായി ഹരിത പോഷക ഗ്രാമങ്ങളും സൃഷ്‌ടിക്കും.
കാർബൺ ന്യൂട്രൽ അതിരപ്പിള്ളിക്കായി 3 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കാര്‍ബണ്‍ കുറക്കുന്നതിന് വേണ്ടിയാണ് ഇലക്ട്രിക് വാഹന നയം കൊണ്ട് വരുന്നത്. അതിനായി വാഹന ചാർജിങ് ശൃംഖല രൂപീകരിച്ച് വരികയാണ്. നെറ്റ് സീറോ കാർബൺ പദ്ധതി 2050ഓടെ ലക്ഷ്യം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2026ഓടെ 50 ശതമാനം ഫെറി ബോട്ടുകൾ സോളാർ ബോട്ടുകളാക്കി മാറ്റും. വീടുകളിൽ സോളാർ പാനലുകള്‍ പ്രോത്സാഹിപ്പിക്കും. സോളാർ പാനൽ നിർമാണ വായ്‌പയ്ക്ക് പലിശയിളവ് നൽകുമെന്നും ഇതിനായി 15 കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ബജറ്റിൽ പരിസ്ഥിതി ബജറ്റ് എന്ന പേരിൽ ഒരു രേഖ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന അതേ അളവിൽ മണ്ണിൽ കാർബൺ ആഗിരണം ചെയ്യുമ്പോഴാണ് കാർബൺ ന്യൂട്രൽ കൃഷിയാകുന്നത്. ആലുവയിലെ വിത്ത് ഉൽപാദന കേന്ദ്രമായ സ്റ്റേറ്റ് സീഡ് ഫാം കഴിഞ്ഞ പത്ത് വർഷമായി വിത്ത് ഉത്‌പാദനത്തിന്‍റെ ഒരു ഘട്ടത്തിലും രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുന്നില്ല.
2021 ജൂലൈ മുതൽ 2022 ജൂൺ വരെ ഫാമിൽ നിന്നുള്ള കാർബൺ തത്തുല്യ വാതകങ്ങളുടെ പുറന്തള്ളൽ 43.08 ടണ്ണും കാർബൺ സംഭരണം 213.45 ടണ്ണുമാണെന്ന് കണ്ടെത്തി. വിവിധ മേഖലകളിൽ നിന്നും ആകെ പുറന്തള്ളുന്ന കാർബണിനേക്കാൾ 170.37 ടൺ അധിക കാർബണാണ് ഫാമിൽ സംഭരിച്ചിരിക്കുന്നെന്ന് കണ്ടെത്തി. കാർബൺ ന്യൂട്രൽ എന്നതിലുപരി കാർബൺ നെഗറ്റീവ് സ്റ്റാറ്റസിലാണ് ഫാം എത്തി നിൽക്കുന്നത്.
ആലുവ ഫാമില്‍ സംയോജിത കൃഷിയുടെ ഭാഗമായി നാടൻ പശുക്കൾ, മലബാറി ആടുകൾ, കോഴി, താറാവ്, മത്സ്യം എന്നിവയേയും പരിപാലിക്കുന്നുണ്ട്. ഉൽപ്പാദന ശേഷിയുള്ള നെല്ലിന്‍റെ വിത്തുകളും അന്യ നിന്ന് പോകുന്ന നാടൻ നെൽ വിത്തിനങ്ങളും കാർഷിക സർവകലാശാലയിൽ നിന്നും ലഭ്യമാക്കുകയും പുതു തലമുറയ്ക്ക് അവയെ പരിചയപ്പെടുത്തി പരമ്പരാഗത ഇനങ്ങളുടെ വിത്ത് കർഷകർക്ക് ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്.
also read:രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രൽ ഫാം എന്ന നേട്ടം ആലുവ വിത്തുത്പാദന തോട്ടത്തിന് ; പ്രഖ്യാപനം ഡിസംബര്‍ 10ന്