എറണാകുളം : ആലുവയിൽ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടി (Minor girl raped in Aluva) രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമെന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിന് ദൃക്‌സാക്ഷിയായ സുകുമാരൻ (Aluva Rape Eyewitness's Reaction). പെൺകുട്ടി ജീവനോടെയിരിക്കുന്നതിന് താനൊരു കാരണമായെന്നും അതിൽ സന്തോഷമുണ്ടെന്നും സുകുമാരൻ ഇടിവി ഭാരതിനോട് പറഞ്ഞു.
പുലർച്ചെ രണ്ടേകാലോടെ ഉറക്കമുണർന്ന താൻ വെള്ളം കുടിച്ച് കട്ടിലിൽ ഇരിക്കുകയായിരുന്നു. പുറത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ അത് കാണാനാണ് ജനൽ തുറന്നത്. അപ്പോഴാണ് ഒരു കുട്ടിയുടെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ടതെന്നും സുകുമാരൻ വ്യക്തമാക്കി. ഇതോടെ കരച്ചിൽ കേട്ട ഭാഗത്തേക്ക് ജനലിലൂടെ നോക്കി.
അപ്പോഴാണ് ഒരാൾ ഒരു കുട്ടിയെ ഭീഷണിപ്പെടുത്തിയും അടിക്കാൻ ശ്രമിച്ചും നിർബന്ധിച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. കുട്ടി കരയുമ്പോൾ ഇയാൾ അടിക്കാൻ ശ്രമിക്കുകയും, അപ്പോൾ കുട്ടി നിശബ്‌ദമാവുകയും കൂടെ നടക്കുകയും ചെയ്യുകയായിരുന്നു. മുന്നോട്ട് പോകുമ്പോൾ കുട്ടി വീണ്ടും കരയുകയും ഇത് ആവർത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇതോടെ അപകടം മനസിലാക്കിയ താൻ ലൈറ്റുകൾ ഓൺ ചെയ്യുകയും, ഭാര്യയേയും അയൽവാസികളായ രണ്ട് പേരെയും കൂട്ടി കുട്ടിയെ അന്വേഷിച്ച് ഇറങ്ങുകയുമായിരുന്നു. ചുറ്റുപാടും പരിശോധിച്ചെങ്കിലും കുട്ടിയേയോ പ്രതിയേയോ കണ്ടെത്താനായില്ല. സമീപത്ത് വിജനമായ വിശാലമായ പാടമായതിനാൽ പെട്ടെന്ന് ആളെ കണ്ടെത്തുക പ്രയാസമായിരുന്നു.
എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് കുട്ടി കരഞ്ഞ് കൊണ്ട് വിവസ്ത്രയായി ഓടി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന അയൽവാസികളിലൊരാൾക്ക് കുട്ടിയെ അറിയാമായിരുന്നതിനാൽ എന്ത് സംഭവിച്ചുവെന്ന് ചോദിച്ചറിഞ്ഞു. പെൺകുട്ടി ഹിന്ദിയിൽ മറുപടി നൽകിയതിനാൽ ഇതര സംസ്ഥാനക്കാരുടെ മകളാണെന്ന് മനസിലായി.