എറണാകുളം : ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തെ പറ്റിച്ചെന്ന പരാതിയിൽ പണം തിരിച്ചുനൽകി ആരോപണ വിധേയനായ ആലുവ സ്വദേശി മുനീര്‍. പണം തട്ടിയെടുത്ത വ്യക്തിയുടെ പേര് ഉൾപ്പടെ കുടുംബം പരസ്യമാക്കിയതോടെയാണ് പണം തിരിച്ചുനൽകി ആരോപണ വിധേയൻ തടിയൂരിയത്. ഇതിന് മുമ്പ് ഇയാൾ പരാതിയിൽ നിന്ന് പിന്മാറണമെന്ന് ഫോൺ വിളിച്ച് ആവശ്യപ്പെട്ടിരുന്നു, തുടർന്നായിരുന്നു പണം തിരിച്ച് നൽകിയത്.
ഇതോടെ പണം തിരിച്ച് കിട്ടിയെന്നും പരാതിയില്ലെന്നും കുട്ടിയുടെ അച്ഛൻ അറിയിച്ചു. മഹിള കോൺഗ്രസ് പ്രാദേശിക നേതാവിന്‍റെ ഭർത്താവിനെതിരെ പരാതി ഉന്നയിച്ച് കഴിഞ്ഞ ദിവസമായിരുന്നു കുടുംബം രംഗത്തെത്തിയത്. കുട്ടി കൊല്ലപ്പെട്ടതിന്‍റെ അടുത്ത ദിവസം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി.
ആരോപണം ഇങ്ങനെ :തങ്ങളെ സഹായിക്കാനായി രംഗത്തുണ്ടായിരുന്ന വ്യക്തി തന്നെ 1,20000 രൂപ തന്ത്രപൂർവം വാങ്ങുകയായിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഈ പണം തിരിച്ച് നൽകാൻ ആരോപണവിധേയനായ വ്യക്തി തയ്യാറായില്ല. നവംബർ എട്ടാം തീയ്യതി തിരിച്ച് നൽകാമെന്നാണ് പറഞ്ഞിരുന്നത്. പരാതിയുമായി പൊലീസിനെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ എഴുപതിനായിരം രൂപ തിരിച്ചുനൽകി.
എന്നാൽ ബാക്കി അരലക്ഷം രൂപ ഇയാൾ തിരിച്ച് നൽകിയിരുന്നില്ല. ഇതോടെയാണ് കുടുംബം പരസ്യമായി പരാതി ഉന്നയിച്ചത്. മാത്രമല്ല പൊലീസിൽ പരാതി നൽകുമെന്നും അവര്‍ അറിയിച്ചിരുന്നു. സർക്കാർ നൽകിയ പത്തുലക്ഷം രൂപ മൂന്ന് കുട്ടികളുടെ പേരിൽ സ്ഥിരം നിക്ഷേപമായി ബാങ്കിൽ ഇട്ടിരുന്നു. എന്നാൽ തന്‍റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായതെന്നാണ് കുട്ടിയുടെ പിതാവ് ആരോപിച്ചത്.
Also Read:ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടി; ആരോപണം മഹിള കോണ്‍ഗ്രസ് നേതാവിന്‍റ ഭര്‍ത്താവിനെതിരെ
ആക്ഷേപം തള്ളി ആരോപണവിധേയന്‍ : ആലുവയിൽ കുട്ടിയെ കൊലപ്പെടുത്തിയത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ഇതിൽ ഇരയായ കുട്ടിയുടെ കുടുംബത്തെ പറ്റിച്ചുവെന്ന ആരോപണം വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാല്‍ ആരോപണ വിധേയനായ വ്യക്തി ഇത് നിഷേധിച്ചിരുന്നു. പണമെടുക്കാൻ സഹായിക്കുക മാത്രമാണ് ചെയ്‌തതെന്നായിരുന്നു ഇയാളുടെ വിശദീകരണം.
ആലുവ കേസിലെ ചരിത്രവിധി :ശിശുദിനത്തിലാണ്, ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാഖ് ആലത്തിനെ മരണം വരെ തൂക്കിക്കൊല്ലാന്‍ പോക്സോ കോടതിയുടെ ശിക്ഷാവിധിയെത്തിയത്. എറണാകുളം പോക്സോ കോടതി ജഡ്‌ജി കെ സോമനാണ് പ്രതിയെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതിക്കെതിരെ ചുമത്തിയ മൂന്ന് പോക്സോ വകുപ്പുകൾ പ്രകാരം ജീവിതാവസാനം വരെ തടവിനും കോടതി ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376, 377വകുപ്പ് പ്രകാരവും ജീവിതാവസാനം വരെ തടവും വിധിച്ചിട്ടുണ്ട്. പ്രതിയുടെ ക്രൂരകൃത്യം പരിഗണിച്ച് പ്രായം അടിസ്ഥാനമാക്കി ശിക്ഷയിൽ ഇളവ് നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
നന്ദിയറിയിച്ച് കുട്ടിയുടെ കുടുംബം :പ്രതി അസ്‌ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ച പോക്‌സോ കോടതി വിധിയില്‍ കുടുംബം സംതൃപ്‌തി അറിയിച്ചിരുന്നു. സംസ്ഥാനത്തെ ജനങ്ങളും സർക്കാരും, പൊലീസും നൽകിയ പിന്തുണയ്ക്കും കുടുംബം നന്ദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം പ്രദേശവാസിയായ ഒരാൾക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.