കുട്ടിയുടെ ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ എറണാകുളം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തായിക്കാട്ടുകര എൽ പി സ്‌കൂളിൽ പൊതുദർശനത്തിനു വച്ച ശേഷം രാവിലെ പത്തു മണിയോടെ കീഴ്‌മാട് പൊതു ശ്‌മശാനത്തിലാണ് സംസ്‌കാരം. വെള്ളിയാഴച (ജൂലൈ 28) മൂന്ന് മണിയോടെയാണ് പ്രതി അസ്‌ഫാക്ക് ആലം കുട്ടിയെ ജ്യൂസ് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിലും സ്ഥിരീകരിച്ചിരുന്നു. പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും ശരീരത്തിലും മുറിവുകളുണ്ട്. ആന്തരികാവയങ്ങൾ ശാസ്‌ത്രീയ പരിശോധനക്ക് അയച്ചു.
കളമശ്ശേരി മെഡിക്കൽ കോളജിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയത്. അതേസമയം പ്രതി അസ്‌ഫാക്ക് ആലത്തെ രാവിലെ 11 മണിയോടെ മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കും. പ്രതിയെ ഇന്നുതന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
തെളിവെടുപ്പ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതി കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് നൽകുന്ന വിവരം.
ശനിയാഴ്‌ച (ജൂലൈ 29) രാവിലെ പതിനൊന്ന് മണിയോടെയാണ് മൃതദേഹം ആലുവ മാർക്കറ്റിന് സമീപം മാലിന്യം നിക്ഷേപിക്കുന്ന ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയത്. കൊലയ്ക്ക് പിന്നിൽ നിലവിൽ പിടിയിലായ അസ്‌ഫാക്ക് ആലം മാത്രമാണെന്നാണ് പൊലീസ് കരുതുന്നത്. പ്രതി അസ്‌ഫാക്കിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മൃതശരീരം കണ്ടെത്തിയത്. ചെളിയിൽ കുഴിച്ചിട്ട് പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി ചുറ്റിലും കല്ല് വച്ച നിലയിലായിരുന്നു മൃതദേഹം.
Also Read:Aluva Murder| 'പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച്'; 5 വയസുകാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്ത്
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശി അസ്‌ഫാക്ക് ആലത്തെ പിടികൂടുകയും പെൺകുട്ടിക്ക് വേണ്ടി വ്യാപകമായ തെരച്ചിൽ നടത്തുകയും ചെയ്യുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതിയ്‌ക്കൊപ്പം കുട്ടിയെ കണ്ട ആലുവ മാർക്കറ്റിലെ തൊഴിലാളി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തെ വഴി തെറ്റിക്കുന്ന രീതിയിലുള്ള മൊഴിയാണ് പ്രതി പൊലീസിന് നൽകിയത്.
കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്നാണ് പ്രതി രാവിലെ പൊലീസിന് മൊഴി നൽകിയത്. വെള്ളിയാഴ്‌ച രാത്രി ആലുവ ഫ്ലൈ ഓവറിന് താഴെവച്ചാണ് ഒരു സുഹൃത്ത് വഴി കുട്ടിയെ കൈമാറിയതെന്ന വ്യാജ കഥയും പൊലീസിന് മുമ്പിൽ പ്രതി അവതരിപ്പിച്ചു. കുട്ടിയെ കാണാതായി ഇരുപത് മണിക്കൂർ പിന്നിട്ടപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിഹാർ സ്വദേശിക്കൊപ്പം പെൺകുട്ടി പോകുന്നതായുള്ള സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇയാൾ കെഎസ്ആർടി ബസിൽ കുട്ടിയെ കയറ്റിക്കൊണ്ടു പോകുന്നതായും കണ്ടെത്തിയിരുന്നു. അതേസമയം പിടിയിലാകുന്ന വേളയിൽ അസ്‌ഫാക്ക് ആലം മദ്യലഹരിയിലായിരുന്നു.
പ്രതി മദ്യലഹരിയിലായതിനാൽ ചോദ്യംചെയ്യലിൽ ആദ്യ ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചിരുന്നില്ല. ശനിയാഴ്‌ച രാവിലെ മുതലാണ് പ്രതി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജ്യൂസ് വാങ്ങി നൽകിയ ശേഷം കുട്ടിയെ കണ്ടിട്ടില്ലെന്ന തെറ്റായ മൊഴിയായിരുന്നു പ്രതി നൽകിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തി മാർക്കറ്റിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ചതായി സമ്മതിച്ചത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് ഈ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നത്.