ആലുവ സംഭവം: പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു എറണാകുളം:ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലത്തെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെയും കുട്ടിയുടെ അമ്മയുടെയും ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു തെളിവെടുപ്പ് പൂർത്തിയാക്കിയത്. പ്രതിക്ക് നേരെ കുട്ടിയുടെ അമ്മയും നാട്ടുകാരും രോഷത്തോടെ പാഞ്ഞടുത്തു.
പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച് ആറാം ദിവസമാണ് അന്വേഷണ സംഘം നിർണായകമായ തെളിവെടുപ്പ് നടത്തിയത്. ശക്തമായ പൊലീസ് സുരക്ഷയിൽ പ്രതി അസ്‌ഫാക്കിനെ ആദ്യമെത്തിച്ചത് കുറ്റകൃത്യം നടന്ന ആലുവ മാർക്കറ്റിലെ പറമ്പിലായിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെ പ്രതി തന്‍റെ ക്രൂരകൃത്യം പൊലീസിന് മുന്‍പില്‍ വിശദീകരിച്ചു. ഇവിടെവച്ചായിരുന്നു ജനങ്ങൾ രോഷപ്രകടനവുമായി പ്രതിക്കെതിരെ പാഞ്ഞടുത്തത്. പൊലീസ് ഇടപെട്ട് ജനങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ വീട്ടിലും തെളിവെടുപ്പ്, രോഷം പ്രകടിപ്പിച്ച് അമ്മ:കുറ്റകൃത്യത്തിന് ശേഷം പ്രതി കൈ കഴുകിയ മാർക്കറ്റിലെ പൈപ്പിന് സമീപവും എത്തിച്ചു. പുറമെ, ഒരു പാത്രക്കടയിലും ബെവ്‌റേജസ് ഔട്ട്‌ലെറ്റിലും കുട്ടിയുമായി എത്തിയ ജ്യൂസ് കടയിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു. പ്രതി മുന്‍പ് താമസിച്ച വാടക വീട്ടിലും എത്തിച്ചു. അസ്‌ഫാക് കുട്ടിയെ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയുടെ വീട്ടിലും തെളിവെടുപ്പിനായി എത്തിച്ചു. ഇതിനിടെയായിരുന്നു തന്‍റെ മകളെ ക്രൂരമായി കൊലപ്പെടുത്തിയയാളെ നേരിൽ കണ്ടതോടെ പെൺകുട്ടിയുടെ അമ്മ രോഷത്തോടെ പാഞ്ഞടുത്തത്. തുടര്‍ന്ന്, പൊലീസ് അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ഡമ്മി പരീക്ഷണം നടത്താൻ അന്വേഷണ സംഘം ആലോചിച്ചിരുന്നുവെങ്കിലും വേണ്ടന്ന് വെക്കുകയായിരുന്നു. അതേസമയം, വിചാരണ നടപടികൾ വേഗത്തിലാക്കാന്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള പാനൽ, റൂറൽ പൊലീസ് സർക്കാരിന് കൈമാറി. ആറ് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രതിയുടെ സ്വദേശമായ ബിഹാറിലേക്കും ഡൽഹിയിലേക്കും പൊലീസ് സംഘം പുറപ്പെട്ടു.
'പ്രതി നിര്‍ണായക മൊഴി നല്‍കി':2018ൽ ഡൽഹിയിൽ പ്രതി മറ്റൊരു പോക്സോ കേസിൽ ഉൾപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ വിശദാംശങ്ങൾ പൊലീസ് സംഘം ശേഖരിക്കും. പ്രതിയുടെ വിലാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തും. പ്രതി ഇന്ത്യൻ പൗരനല്ലെന്ന ആരോപണമുൾപ്പെടെ ഉയർന്നിരുന്നു. അസ്‌ഫാക് ആലം ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകിയതായാണ് പൊലീസ് നൽകുന്ന വിവരം. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി കൈകഴുകുന്നത് കണ്ട സാക്ഷിയെ കണ്ടെത്താനായെന്നും മധ്യമേഖല ഡിഐജി എസ് ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു.
ശാസ്‌ത്രീയമായ ചോദ്യം ചെയ്യലിൽ നിരവധി കാര്യങ്ങൾ പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതി കുട്ടിയെയുംകൂട്ടി കുറ്റകൃത്യം നടത്താൻ പോവുന്നത് കണ്ട സാക്ഷികളെ ലഭിച്ചിരുന്നു. കുറ്റകൃത്യത്തിന് ശേഷം പ്രതി അസ്‌ഫാക് മടങ്ങി പോകുന്നത് കണ്ട സാക്ഷികളെയും കൊലയ്ക്ക് ശേഷം കൈ കഴുകുന്നത് കണ്ട സാക്ഷികളെയും ലഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ചെയ്‌ത സർജനെ, സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവുകള്‍ ശേഖരിച്ചു. സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആറ് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് കോടതിയിൽ അപേക്ഷ നൽകുക.
തട്ടിക്കൊണ്ടുപോയത് ജ്യൂസ് നല്‍കാമെന്ന് വിശ്വസിപ്പിച്ച്:തെളിവെടുപ്പിനിടെ സംഭവസ്ഥലത്ത് നിന്ന് കുട്ടിയുടെ ഒരു ചെരിപ്പും ധരിച്ച വസ്‌ത്രത്തിന്‍റെ ഭാഗവും കണ്ടത്തി. പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. പ്രതി 10ാം തിയതി വരെ പൊലീസ് കസ്റ്റഡിയിലാണ്. ജൂലൈ 28ന് വൈകുന്നേരമായിരുന്നു ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്.
ജൂലൈ 28ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസ്‌ഫാക് ആലം കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മദ്യലഹരിയിൽ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ജൂലൈ 29ന് രാവിലെയോടെയാണ് പ്രതി ചോദ്യം ചെയ്യലുമായി അല്‍പമെങ്കിലും സഹകരിക്കാൻ തയ്യാറായത്.
ആദ്യഘട്ടത്തിൽ അന്വേഷണം വഴിതെറ്റിക്കാൻ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി മൊഴി നൽകിയിരുന്നു. ഇതിനിടെ കുട്ടിയുമായി പ്രതി ആലുവ മാർക്കറ്റിലൂടെ നടന്നുപോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ തൊഴിലാളി പൊലീസിനെ അറിയിച്ചു. ഇതോടെയാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തി മാർക്കറ്റിലെ ആളൊഴിഞ്ഞ, മാലിന്യം നിക്ഷേപിക്കുന്ന പറമ്പിന്‍റെ മൂലയിൽ ഉപേക്ഷിച്ചതായി പൊലീസിനോട് സമ്മതിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായും കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നും വ്യക്തമായി. ഞായറാഴ്‌ച കുട്ടി പഠിച്ച തായിക്കാട്ടുകര എൽപി സ്‌കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം വൻ ജനാവലിയുടെ സാനിധ്യത്തിലായിരുന്നു മൃതദേഹം കീഴ്‌മാട് പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചത്.