പശ്ചാത്തലം :ഒരു ചെറു പൂവിനെ ഇതളോടെ കശക്കിയെറിയുന്ന ലാഘവത്തോടെ 5 വയസ്സുള്ള പിഞ്ചോമനയെ കൊന്നു തള്ളിയ ക്രൂരതയ്ക്കാണ് കോടതി പ്രതി അസ്‌ഫാക്കിന് തൂക്ക് മരണം വിധിച്ചത്. ആലുവയില്‍ നടന്ന ക്രൂരതയ്ക്ക് രണ്ടാമത് വധശിക്ഷ കിട്ടുന്ന പ്രതിയാണ് ബിഹാറുകാരനായ അസ്‌ഫാക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് (2001 ജനുവരി 6) ആലുവയില്‍ നടന്ന ഒരു കൂട്ടക്കൊല ഇന്നും നടുക്കുന്ന ഓര്‍മയാണ്. അന്ന് ആന്‍റണി എന്ന പ്രതി ഒരു കുടുംബത്തിലെ എല്ലാവരെയും കൊന്ന് തള്ളി. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ(14), ജെസ്മോന്‍ (12), അഗസ്റ്റിന്‍റെ അമ്മ ക്ലാര (78), സഹോദരി കൊച്ചുറാണി (38), എന്നിവരാണ് ആന്‍റണിയുടെ കൊലക്കത്തിക്ക് അന്ന് ഇരയായത്. 2005 ഫെബ്രുവരി 5 ന് ആന്‍റണിക്ക് കോടതി വധശിക്ഷ വിധിച്ചെങ്കിലും നാളിതുവരെ നടപ്പിലാക്കിയിട്ടില്ല.
കരളുപൊട്ടുന്ന ഓര്‍മ : 2023 ജൂലൈ 28 മലയാളികള്‍ അത്ര പെട്ടന്ന് മറക്കാന്‍ ഇടയില്ലാത്ത ദിവസമായി തന്നെ കലണ്ടറിലും കരളിലും മുറപ്പാടുമായി അവശേഷിക്കും. ബിഹാറില്‍ നിന്ന് കേരളത്തിലേക്ക് അതിഥി തൊഴിലാളികളായി എത്തിയ കുടുംബത്തിലെ അഞ്ചുവയസ്സുകാരി മറ്റൊരു ബിഹാര്‍ സ്വദേശിയുടെ ക്രുരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത് അന്നാണ്.
അസ്‌ഫാക്കിന്‍റെ ക്രിമിനല്‍ പശ്ചാത്തലം:മദ്യത്തിനും മറ്റ് ലഹരികള്‍ക്കും അടിമയായ അസ്‌ഫാക്ക് എന്ന കൊടും ക്രൂരന്‍ 2018 ല്‍ ഡല്‍ഹിയില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. പോക്സോ കേസില്‍ പ്രതിയായ ഇയാള്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാണ് കേരളത്തിലേക്ക് കടന്നത്. കുറച്ച് കാലം ഏറണാകുളം ജില്ലയില്‍ പലയിടത്തും ജോലി നോക്കി, പിന്നീടാണ് ബിഹാര്‍ സ്വദേശികള്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ രക്ഷിതാക്കളെ പ്രതി അറിയുമായിരുന്നു. ആ പരിചയം മുതലെടുത്താണ് സംഭവ ദിവസം മദ്യ ലഹരിയിലായിരുന്ന പ്രതി കുട്ടിയെ വീട്ടില്‍ നിന്ന് അകലേക്ക് കൂട്ടിക്കൊണ്ടു പോയത്. 2018 ല്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതി 2023 ല്‍ 2018 ല്‍ ജനിച്ച പെണ്‍കുട്ടിയെ ആണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.