എറണാകുളം: ആലുവ മണപ്പുറത്ത് കർക്കടക വാവ് ദിനത്തിൽ ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുത്ത് ആയിരങ്ങൾ. ബുധനാഴ്ച രാത്രിതന്നെ ബലിതർപ്പണം ആരംഭിച്ചിരുന്നു. പുലർച്ചെ 4ന് മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പിതൃകർമങ്ങൾ ഔപചാരികമായി ആരംഭിച്ചത്.
പെരിയാർ തീരത്തെ താൽക്കാലിക ബലിത്തറകളിൽ പിതൃകർമങ്ങൾ നടത്താൻ സൗകര്യമൊരുക്കിയിരുന്നു. ഇത്തരത്തിൽ 80 ബലിത്തറകളിലാണ് കാർമികരുടെ നേതൃത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നത്. വഴിപാടിനും പ്രസാദ വിതരണത്തിനും കൂടുതൽ കൗണ്ടറുകളും തുറന്നിരുന്നു.
ഭക്തജനങ്ങൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാനും മാസ്‌ക് ധരിക്കാനും നിർദ്ദേശം നൽകിയിരുന്നു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളായി മണപ്പുറത്ത് കർക്കടക വാവ് ബലിതർപ്പണം ഉണ്ടായിരുന്നില്ല. ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാതെയായിരുന്നു ബലിതർപ്പണ ചടങ്ങുകൾ നടന്നത്.