എറണാകുളം : ആലുവയിൽ ആറ് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ്. കുട്ടിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്നാണ് പ്രതി അസ്‌ഫാക്ക് ആലം പൊലീസിന് മൊഴി നൽകിയത്. ഇന്നലെ രാത്രി ആലുവ ഫ്ലൈ ഓവറിന് താഴെ വച്ചാണ് ഒരു സുഹൃത്ത് വഴി കുട്ടിയെ കൈമാറിയത്.
ഇതേത്തുടർന്ന് അസ്‌ഫാക്ക് ആലത്തെയും സക്കീറിനെയും തമ്മിൽ പരിചയപ്പെടുത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്‌തതിൽ നിന്നും ഇത് ശരിയാണന്ന് വ്യക്തമായതായാണ് സൂചന. അതേസമയം, ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
കുട്ടിയെ വിൽപ്പന നടത്തിയതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയുടെ കയ്യിൽ നിന്ന് പണമോ മറ്റോ കിട്ടിയിട്ടില്ല. കുട്ടിയെ കൈമാറിയെന്ന് പ്രതി മൊഴി നൽകിയ ഫ്ലൈ ഓവറിൽ പ്രതിയെ എത്തിച്ചും പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. കുട്ടിയെ കാണാതായി ഇരുപതാം മണിക്കൂറിലേക്ക് പ്രവേശിക്കുമ്പോഴും കണ്ടെത്താൻ കഴിയാത്തത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷമായി ആലുവയിലെ തായക്കാട്ടുകരയിൽ താമസിക്കുന്ന ബിഹാർ സ്വദേശിയുടെ മകളെയാണ് പ്രതി അസ്‌ഫാക്ക് ആലം ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് വെള്ളിയാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെ കടത്തികൊണ്ടുപോയത്. ബിഹാറി കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ രണ്ട് ദിവസം മുമ്പാണ് പ്രതി താമസിക്കാനെത്തിയത്. ഇതിന് പിന്നാലെയാണ് കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന്, ആലുവ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാകുകയായിരുന്നു.
പിടിയിലാകുന്ന വേളയിൽ ഇയാൾ മദ്യലഹരിയിലായിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിഹാർ സ്വദേശിക്കൊപ്പം പെൺകുട്ടി പോകുന്നതായുള്ള സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇയാൾ കെഎസ്ആർടി ബസിൽ കുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നതായും കണ്ടെത്തിയിരുന്നു.