കേരളം

kerala

ETV Bharat / state

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ, വയസ് പരിഗണിക്കണമെന്ന് പ്രതിഭാഗം

Aluva Girl Rape Case ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി അസ്‌ഫാഖ് ആലത്തിന് വധശിക്ഷ നൽകണമെന്ന വാദം ഉന്നയിച്ച് പ്രോസിക്യൂഷൻ. പ്രതിക്ക് മാനസിക പരിവർത്തനമുണ്ടാകാൻ സാധ്യതയില്ലെന്ന റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

Aluva 5 years old girl rape case  Aluva 5 years old girl murder  death penalty to the accused in Aluva rape case  ആലുവ പീഡന കേസ്  ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം  ആലുവ കൊലപാതകം പ്രോസിക്യൂഷൻ വാദം  crime news  kerala news  കേരളാ വാർത്തകൾ  വധശിക്ഷ
Prosecution argued for death penalty to the accused in Aluva 5 year old girl rape case

By ETV Bharat Kerala Team

Published : Nov 9, 2023, 3:47 PM IST

എറണാകുളം: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാഖ് ആലത്തിന് വധശിക്ഷ നൽകണമെന്ന ശക്തമായ വാദം ഉന്നയിച്ച് പ്രോസിക്യൂഷൻ. പ്രതി കുറ്റക്കാരനാണെന്ന വിധിയിന്മേൽ പോക്സോ കോടതിയിൽ ഉച്ചയ്ക്ക് ശേഷവും വാദം തുടരും. അപൂർവ്വങ്ങളിൽ അപൂർവമെന്ന പരിഗണനയ്ക്ക് വിധേയമാകുന്ന എല്ലാ ഘടകങ്ങളും ഈ കേസിലുണ്ടന്ന് സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാണിച്ച് പ്രോസിക്യൂഷൻ വാദിച്ചു.

പ്രതിയ്ക്കു വധശിക്ഷ നൽകുന്നതിന് പ്രായം ഒരു പ്രശ്‌നമല്ല. ഒരു പിഞ്ചു കുഞ്ഞിനെ ബലാൽസംഗം ചെയ്‌തതിലൂടെ പ്രതിയുടെ സ്വഭാവമാണ് വ്യക്തമാകുന്നത്. പ്രതിയുടെ ഇത്തരം ക്രൂര സ്വഭാവത്തിന് ചികിത്സയില്ല. നിഷ്‌കളങ്കയായ കുട്ടിയുടെ വിശ്വാസം മുതലെടുത്താണ് പ്രതി കുറ്റകൃത്യം നടപ്പിലാക്കിയത്. കുഞ്ഞിന്‍റെ നിഷ്‌കളങ്കതയെ കൂടിയാണ് പ്രതി ഇല്ലാതാക്കിയത്.

മദ്യം കൂടുതൽ നൽകിയതു കൊണ്ട് കുഞ്ഞിന് കരയാൻ പോലും സാധിച്ചില്ല. മാലിന്യകൂമ്പാരത്തിലേക്ക് കുഞ്ഞിന്‍റെ തല പൂഴ്ത്തി മൃതദേഹത്തോട് പോലും പ്രതി മനുഷ്യത്വരഹിതമായ ക്രൂരതയാണ് കാട്ടിയത്. ഇന്നത്തെ ദിവസം പോലും പ്രതിയിൽ യാതൊരു മാനസിക മാറ്റവും ഉണ്ടായിട്ടില്ല. പ്രതിയ്ക്ക് യാതൊരു തരത്തിലും മാനസിക പരിവർത്തനം ഉണ്ടാകില്ല. കുട്ടികളോട് ലൈംഗികാതിക്രമം ചെയ്യാനുള്ള വികാരമായിരുന്നു കുറ്റകൃത്യത്തിന് പ്രേരണയായത്. പ്രതിയ്ക്ക് മാനസാന്തരം വരുമെന്ന് കരുതി ശിക്ഷ വിധിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

മാലിന്യക്കൂമ്പാരത്തിൽ മാലിന്യം നിക്ഷേപിച്ച ലാഘവത്തോടെയാണ് കുട്ടിയെ കൊലപ്പെടുത്തി ഉപേക്ഷിച്ച് പ്രതി മടങ്ങിയത്. ഈ കുറ്റകൃത്യം സമൂഹത്തിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. ഇതിന്‍റെ പശ്ചാത്തലത്തിൽ കുട്ടികളെ വീടിന് പുറത്ത് കളിക്കാൻ പോലും വിടാതെ രക്ഷിതാക്കൾ അടച്ചിടുകയാണന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.

മാനസിക പരിവർത്തനമുണ്ടാകാൻ സാധ്യതയില്ലെന്ന റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സ്വതന്ത്രമായ ഏജൻസിയുടെ പരിശോധന വേണം. പ്രതിയ്ക്കനുകൂലമാണെങ്കിൽ റിപ്പോർട്ട് അംഗീകരിക്കുകയും പ്രതികൂലമാണെങ്കിൽ നിരാകരിക്കുമെന്നാണോ പറയുന്നതെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു. പ്രതിയുടെ വയസ് പരിഗണിക്കണമെന്നും തിരുത്തലിന് അവസരം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുൻപ് എന്തെങ്കിലും പറയാനുണ്ടോയെന്ന് പ്രതിയോട് കോടതി ചോദിച്ചു. നീതിയുക്തമായത് ചെയ്യണമെന്നും തന്‍റെ ഒപ്പമുണ്ടായിരുന്നവരെ വെറുതെവിട്ടുവെന്നും തന്നെയും വെറുതെ വിടണമെന്നും പ്രതി കോടതിയോട് ആവശ്യപ്പെട്ടു. പ്രതിയുടെ മാനസികാരോഗ്യ റിപ്പോർട്ട് ഉൾപ്പടെയുള്ള റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ജയിൽ സൂപ്രണ്ടിന്‍റെയും , പ്രബോഷണറി ഓഫീസറുടെയും റിപ്പോർട്ടുകളും കോടതിക്ക് കൈമാറിയിരുന്നു. വാദിഭാഗവും തങ്ങൾക്ക് കോടതിയെ അറിയിക്കാനുള്ള കാര്യങ്ങൾ എഴുതി നൽകിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചായിരിക്കും കുറ്റക്കാരനെന് കണ്ടെത്തിയ വിധിയിൽ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുക.

കേസിലെ ഏക പ്രതിയായ അസ്‌ഫാഖ് ആലം കുറ്റക്കാരനാണെന്നാണ് എറണാകുളം പോക്സോ കോടതി ജഡ്‌ജ് കെ സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടത്തിയത്.

ക്രൂര കൊലപാതകം നടന്ന് നൂറാം ദിവസമാണ് കേസിൽ വിധിപറഞ്ഞത്. 36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. പോക്സോ കേസുകളില്‍ നൂറ് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ കേസ് കൂടിയാണിത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും, സാക്ഷിമൊഴികളും, ശാസ്ത്രീയമായ തെളിവുകളും ഉൾപ്പെടെ പരമാവധി തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.

പ്രതിയായ അസ്‌ഫാക്കിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും ഉൾപ്പടെ പതിനാറ് വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതിക്കെതിരായ പ്രധാന കുറ്റങ്ങൾ. ഇതെല്ലാം കോടതി അംഗീകരിക്കുകയും ചെയ്‌തു.

ജൂലൈ ഇരുപത്തിയെട്ട് വെള്ളിയാഴ്‌ച വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മദ്യം കുടുപ്പിച്ച ശേഷം ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ചാക്കിൽ പൊതിഞ്ഞ് ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു.

ABOUT THE AUTHOR

...view details