എറണാകുളം :ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഈ മാസം 16 ന് പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും (Aluva Girl Murder Case). വിചാരണ നടപടികളുടെ മുന്നോടിയായി കുറ്റകൃത്യത്തിന്‍റെ സാധുതയെ കുറിച്ചുള്ള വാദം എറണാകുളം പോക്സോ കോടതിയിൽ പൂർത്തിയായിട്ടുണ്ട്.
കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന വേളയിൽ പരിഭാഷകനെ ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ഹിന്ദി മാത്രം അറിയാവുന്ന പ്രതിക്ക് കുറ്റപത്രത്തിന്‍റെ ഉള്ളടക്കം മനസിലാകുന്നതിന് വേണ്ടിയാണ് ഈ നിർദേശം നൽകിയത്.
പ്രതിയായ അസ്‌ഫാക്ക് ആലത്തിനെതിരെ നിലവിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും പത്ത് വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതിക്കെതിരായ പ്രധാന കുറ്റങ്ങൾ.
ഇതിൽ തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയവയ്‌ക്ക് എതിരായ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു.
നേരത്തെ എറണാകുളം അഡീഷണൽ ഡിസ്ട്രിക്‌റ്റ് സെഷൻസ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ശക്തമായ സാഹചര്യ തെളിവുകളുടെയും സൈന്‍റിഫിക്, സൈബർ ഫൊറൻസിക് തെളിവുകളുടെയും ഡോക്‌ടർമാരുടെ റിപ്പോർട്ടിന്‍റെയും മെഡിക്കൽ രേഖകളുടേയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.
645 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണ് ഉളളത്. ചെരിപ്പ്, വസ്ത്രം ഉൾപ്പടെ മെറ്റീരിയൽ ഒബ്‌ജക്റ്റ്സും നിർണായക ഡോക്യുമെന്‍റുകളും കുറ്റപത്രത്തിലുണ്ട്. രണ്ട് പ്രത്യേക അന്വേഷണ സംഘം ബിഹാറിലും ഡൽഹിയിലും പോവുകയും പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്.
ക്രിമിനൽ പശ്ചാത്തലമുളള പ്രതിക്ക് പരമാവധി ശിക്ഷ തന്നെയുറപ്പാക്കാൻ പഴുതടച്ചുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്. പ്രതി അസ്‌ഫാക്കിന്‍റെ തിരിച്ചറിയൽ പരേഡിൽ മൂന്ന് സാക്ഷികൾ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. പ്രതി കുട്ടിയുമായി മാർക്കറ്റിലൂടെ നടന്നുപോവുന്നത് കാണുകയും എവിടേക്ക് പോകുന്നുവെന്ന് അന്വേഷിക്കുകയും ചെയ്‌ത തൊഴിലാളി താജുദ്ദീന്‍, പ്രതി കുട്ടിയോടൊപ്പം യാത്ര ചെയ്‌ത ബസിലെ കണ്ടക്‌ടര്‍, സഹയാത്രക്കാരി എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.