എറണാകുളം :ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ എറണാകുളം പോക്സോ കോടതി ഇന്ന് വിധിപറയും (Aluva five year girl murder verdict). കേസിലെ ഏക പ്രതിയായ അസ്‌ഫാക് ആലത്തിനെതിരെ പോക്സോ കോടതി ജഡ്‌ജ് കെ സോമനാണ് വിധിപറയുക. കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്ന് നൂറാം ദിവസമാണ് കേസിൽ വിധിപറയുന്നത് (Aluva migrant girl murder court verdict).
36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. നൂറ് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ പോക്‌സോ കേസ് കൂടിയാണിത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും ഉൾപ്പടെയുള്ളവ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത് (Aluva migrant girl murder).
പ്രതിയായ അസ്‌ഫാക് ആലത്തിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും പതിനാറ് വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതി അസ്‌ഫാക്കിനെതിരെയുള്ള പ്രധാന കുറ്റങ്ങൾ. ശക്തമായ സാഹചര്യ തെളിവുകളുടെയും സൈന്‍റിഫിക്, സൈബർ, ഫോറൻസിക് തെളിവുകളുടെയും ഡോക്‌ടർമാരുടെ റിപ്പോർട്ടിന്‍റെയും മെഡിക്കൽ രേഖകളുടെയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമായിരുന്നു കോടതിയിൽ സമർപ്പിച്ചത്.
645 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണ് ഉളളത്. ചെരിപ്പ്, വസ്ത്രം ഉൾപ്പടെയുള്ള മെറ്റീരിയൽ ഒബ്‌ജക്റ്റ്സും നിർണായക ഡോക്യുമെന്‍റുകളും കുറ്റപത്രത്തിലുണ്ട്. രണ്ട് പ്രത്യേക അന്വേഷണ സംഘം ബിഹാറിലും ഡൽഹിയിലും പോവുകയും പ്രതിയെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്.