കേരളം

kerala

ETV Bharat / state

Aluva Antony Aupadan Death 'പരേതന്‍റെ തിരിച്ചുവരവ്', ഇതൊരു ക്രൈം സ്റ്റോറിയല്ല: അടക്കം കഴിഞ്ഞ് ഏഴാം നാൾ നാട്ടിലെത്തിയ അന്തോണി അഥവ ആന്‍റണി ഔപ്പാടന്‍റെ കഥയാണ് - Aluva Chunangamveli St Josephs Church

Antony Aupadan Aluva Ernakulam: ആലുവ ചുണങ്ങംവേലി സെയിന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ച് ഏഴാം നാൾ അന്തോണി അഥവ ഔപ്പാടൻ ആന്‍റണി തിരിച്ചെത്തി. ആന്‍റണിയെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന അന്വേഷണത്തിലാണ് അങ്കമാലി പൊലീസ്.

aluva-antony-aupadan-death-angamali
aluva-antony-aupadan-death-angamali

By

Published : Aug 22, 2023, 4:22 PM IST

Updated : Aug 22, 2023, 7:38 PM IST

ആന്‍റണി

എറണാകുളം: ഇയാള് മരിച്ചുപോയതല്ലേ, ശവമെടുപ്പും കർമങ്ങളും കഴിഞ്ഞതല്ലേ... ഇല്ല സുപ്ര ഇത് ഞാൻ തന്നെയാണ്, ആളൊന്നും മാറിയിട്ടില്ല...ഇത് ഞാനാണ് അന്തോണി അഥവ ഔപ്പാടൻ ആന്‍റണി... ഞാൻ മരിച്ചതൊന്നും എനിക്കറിയില്ല...

ഇപ്പറഞ്ഞതൊന്നും ഒരു സിനിമ ഡയലോഗല്ല, കഴിഞ്ഞ ദിവസം ആലുവ ചുണങ്ങുംവേലിയിൽ നടന്ന സംഭവമാണ്. ഔപ്പാടൻ ആന്‍റണിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങിയ ബന്ധുക്കളയും നാട്ടുകാരെയും അമ്പരിപ്പിച്ചാണ് കൃത്യം ഏഴാം ദിനം ആന്‍റണി ചുണങ്ങുംവേലിയിൽ ബസിറങ്ങുന്നത്. ആന്‍റണിയുടെ മരണാനന്തര ചടങ്ങുകളിൽ സജീവമായി പങ്കെടുത്ത അയൽവാസി കൂടിയായ സുബ്രഹ്മണ്യനാണ് ആന്‍റണിയുടെ വരവ് ആദ്യം കണ്ടത്.

രണ്ട് പേർക്കും ആദ്യം പരസ്‌പരം വിശ്വസിക്കാൻ കഴിഞ്ഞില്ല. സുബ്രഹ്മണ്യൻ ഉടൻ തന്നെ കാര്യങ്ങൾ പഞ്ചായത്ത് മെമ്പറെയും അവർ പൊലീസിനെയും വിവരം അറിയിച്ചു. പിന്നെ നേരെ പള്ളിയിലേക്ക്...

കല്ലറയ്ക്ക് മുന്നിലെത്തിയ ആന്‍റണി വായിച്ചു...

അന്തോണി അഥവ ആന്‍റണി ഔപ്പാടൻ, ജനനം 24.12.1955 മരണം 14.08.2023...

ഇക്കഥയുടെ ഫ്ലാഷ് ബാക്ക് ഇങ്ങനെയാണ്... ഓഗസ്‌റ്റ്‌ 13ന് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡില്‍ ശ്വാസതടസം അനുഭവപ്പെട്ട വയോധികനെ താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു. അടുത്ത ദിവസം അയാൾ മരണപ്പെടുകയും ചെയ്‌തു. ഉടൻ തന്നെ ആന്‍റണി മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അങ്കമാലിയിൽ താമസിക്കുന്ന ആന്‍റണിയുടെ സഹോദരിമാരിൽ ഒരാളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മറ്റു ബന്ധുക്കളും ആശുപത്രിയിലെത്തി ഇത് ശരിവെച്ചു.

ഉടൻ പോസ്‌റ്റ്‌മോർട്ടം നടത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ബന്ധുക്കൾ ആലുവ ചുണങ്ങംവേലി സെയിന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്‌തു. അപ്പോൾ അടക്കം ചെയ്‌തത് ആരെയെന്നതായി അടുത്ത ചോദ്യം, അതിനുള്ള ഉത്തരം ആന്‍റണി തന്നെ പറയുന്നുണ്ട്... അത് കോട്ടയം സ്വദേശി ജനാർദനനാണ്. ഏറെ നാളായി പെരുമ്പാവൂരും അങ്കമാലിയിലുമൊക്കെയായി ജോലി ചെയ്യുന്നയാളാണ്.

ഇനി നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ പറയാം...

ആന്‍റണിയെ ആദ്യം കണ്ട സുബ്രഹ്മണ്യന് മാത്രമല്ല, നാട്ടുകാരില്‍ പലർക്കും എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പരേതന്‍റെ തിരിച്ചുവരവിനെ കുറിച്ച് കഥകൾ പലതും ഇതിനകം റിലീസായിക്കഴിഞ്ഞു. ആന്‍റണിയോട് രാത്രിയില്‍ പുറത്തിറങ്ങി നടക്കരുതെന്ന് ബന്ധുക്കൾ പറഞ്ഞതായി വരെ പ്രചരിക്കുന്നുണ്ട്...

അന്തോണി അഥവ ഔപ്പാടൻ ആന്‍റണി: അവിവാഹിതനായ ആന്‍റണി വീടുമായി കൂടുതൽ ബന്ധം പുലർത്താതെ അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും ചെറിയ ജോലികൾ ചെയ്‌ത്‌ ജീവിക്കുകയാണ്. ഇതുവരെ എവിടെയായിരുന്നു എന്ന ചോദ്യത്തിന് പെരുമ്പാവൂർ വരെ പോയെന്നാണ് ആന്‍റണി പറഞ്ഞത്. ഇതൊക്കെയാണെങ്കിലും ആന്‍റണിയെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന അന്വേഷണത്തിലാണ് അങ്കമാലി പൊലീസ്. കല്ലറയിൽ നിന്നും മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റും.

also read: മരിച്ചയാള്‍ തിരിച്ചുവന്നു; ഞെട്ടിത്തരിച്ച് കുടുംബം, 'പരേതന്‍' ഇപ്പോള്‍ വൈറല്‍

Last Updated : Aug 22, 2023, 7:38 PM IST

ABOUT THE AUTHOR

...view details