എറണാകുളം:ഇടവേളയ്ക്ക് ശേഷം ആലപ്പി അഷ്റഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം' ഉടന്‍ തീയേറ്ററുകളിലേക്ക്. 'നിന്നിഷ്ടം എന്നിഷ്ടം' എന്ന മോഹൻലാൽ ചിത്രത്തിന്റെ പേര് മാത്രം മതി ആലപ്പി അഷ്റഫ് എന്ന സംവിധായകനെ മലയാള സിനിമ പ്രേക്ഷകർ എക്കാലവും ഓർത്തിരിക്കാൻ. നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ആലപ്പി അഷ്റഫിന്റെ ഏറ്റവും പുതിയ ചിത്രമാണ് അടിയന്തരാവസ്ഥ കാലത്തെ അനുരാഗം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അടിയന്തരാവസ്ഥക്കാലവുമായി ബന്ധപ്പെട്ട യഥാർഥ സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മൂന്ന് തലമുറയിലെ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ള ആളാണ് താനെന്ന് ആലപ്പി അഷ്റഫ് ഇടിവിയോട് പറഞ്ഞു. തന്റെ മിക്ക സിനിമകളും വലിയ താരങ്ങളെ വച്ചല്ല സംവിധാനം ചെയ്തിരിക്കുന്നത്. അത് തന്റെ സിനിമകള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള നിരവധി താരങ്ങളും ടെക്നീഷ്യന്‍സും അവസരങ്ങള്‍ക്കായി അലയുന്നുണ്ട്. ഞാന്‍ അവര്‍ക്കൊപ്പമാണെന്നും അഷ്റഫ് പറഞ്ഞു.
ചിത്രത്തില്‍ നായകനായി എത്തുന്നത് പുതുമുഖ താരമായ നഹാലാണ്. ഒരു മാര്‍ഷല്‍ ആര്‍ടിസ്റ്റ് കൂടിയായ നഹാല്‍ മലയാള സിനിമയുടെ ഭാവി ആക്ഷന്‍ ഹീറോയാണ്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ എടുക്കുമ്പോള്‍ ആക്ഷൻ ഡയറക്ടര്‍ മാഫിയ ശശി വരെ നഹാലിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
താൻ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നത് കണ്ടിട്ട് മാഫിയ ശശി അപ്പോൾ പ്ലാൻ ചെയ്തിരുന്നതിലും മെച്ചപ്പെട്ട രീതിയിലാണ് ആക്ഷൻ രംഗങ്ങൾ ചെയ്യാന്‍ സാധിച്ചതെന്ന് നായകൻ നഹാൽ ഓർത്തെടുത്തു. മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ ആക്ഷൻ രംഗങ്ങൾ പൂർത്തിയാക്കാനും സാധിച്ചു. ആദ്യ ചിത്രമായത് കൊണ്ടുതന്നെ അഭിനയത്തിന്റെ ആഴത്തിൽ കടന്ന് ചെല്ലാൻ സമയമെടുത്തിരുന്നു. പക്ഷേ സംവിധായകന്റെ സംതൃപ്തിക്ക് അനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുണ്ട്.