എറണാകുളം: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ അഡ്വ സൈബി ജോസ് കിടങ്ങൂർ ഹാജരായ കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിലടക്കം ഒത്തുകളിയെന്നാക്ഷേപം. വിശദമായ അന്വേഷണമാവശ്യപ്പെട്ട് പരാതിക്കാർ ഹൈക്കോടതി രജിസ്‌ട്രാർ ജനറലിന് പരാതി നൽകി. കഴിഞ്ഞ വർഷം ഏപ്രിൽ 29ന് ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ സൈബി ജോസ് കിടങ്ങൂർ ഹാജരായ കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് ജസ്റ്റിസ് സിയാദ് റഹ്മാൻ അനുവദിച്ചിരുന്നു.
പരാതിക്കാർ ഹർജി നൽകിയതിനെ തുടർന്ന് ഇക്കഴിഞ്ഞ 23 ന് ഇതേ ബെഞ്ച് തന്നെ മുൻകൂർ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ചു. 50 ലക്ഷം രൂപ കോഴ ആരോപണം നേരിട്ട കേസാണിത്. മുൻകൂർ ജാമ്യമനുവദിച്ചതിലടക്കം വിശദമായ അന്വേഷണമാവശ്യപ്പെട്ടാണ് പരാതിക്കാരായ റാന്നി സ്വദേശികൾ ഹൈക്കോടതി രജിസ്‌ട്രാർ ജനറലിന് പരാതി നൽകിയത്.
ഡിഫെക്റ്റ് ഇല്ലാതെ ജാമ്യാപേക്ഷ ബഞ്ചിനു മുന്നിലേക്കെത്തിച്ച ഉദ്യോഗസ്ഥർ ജാമ്യമാഫിയയിൽ ഉൾപ്പെട്ടവരാണോ എന്ന് അന്വേഷിക്കണം. 2017 ലെ ജസ്റ്റിസ് രാജാവിജയരാഘവന്‍റെ വിധി പ്രകാരം പട്ടിക ജാതി പട്ടിക വർഗ പീഡനകേസുകളിൽ ജാമ്യാപേക്ഷ അപ്പീൽ ആയി മാത്രമെ സമർപ്പിക്കുവാൻ പാടുള്ളൂ. പക്ഷേ ഈ ചട്ടം മറികടന്ന് മുൻകൂർ ജാമ്യാപേക്ഷകൾ ഡിഫെക്‌ടിൽ ഉൾപ്പെടുത്താതെ നേരെ ബഞ്ചിലേക്കെത്തി പരാതിക്കാരെ കേൾക്കാതെ വിധിയും പറഞ്ഞു.