എറണാകുളം: യുവതിയെ കൊലപ്പെടുത്തി അതിരപ്പിള്ളിയിൽ വനത്തിൽ തള്ളിയ സംഭവത്തിൽ യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന് പണയം വച്ചതായി പ്രതി അഖിലിന്‍റെ മൊഴി. കൊലപാതകത്തിന് ശേഷമാണ് യുവതി ധരിച്ചിരുന്ന ഒന്നര പവന്‍റെ സ്വർണ മാല കവർന്നത്. ഇത് കാലടിയിലെ ഒരു വ്യക്തിക്ക് പണയമായി നൽകി പണം വാങ്ങിയെന്നാണ് പ്രതി മൊഴി നല്‍കിയത്.
പ്രാഥമികമായ ചോദ്യം ചെയ്യലിലാണ് അഖില്‍ ഈ കാര്യം പൊലീസിനോട് വ്യക്തമാക്കിയത്. അതേസമയം വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതി അഖിലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കാലടി പാറക്കടവ് സ്വദേശിനിയായ ആതിരയാണ് കഴിഞ്ഞമാസം 29 ന് കൊല്ലപ്പെട്ടത്.
അന്വേഷണത്തിനൊടുവിൽ ഇന്നലെ (05.05.2023) സുഹൃത്ത് അഖിലിനെ കാലടി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി മൊഴി നൽകിയത്. അതിരപ്പിള്ളി തുമ്പൂർമുഴിയ്ക്ക് സമീപം വനത്തില്‍ വ്യാഴാഴ്‌ച (04.05.2023) ആയിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശിനിയായ ആതിരയെ ഏപ്രിൽ 29 മുതൽ കാണാതാവുകയായിരുന്നു.
ജോലി ചെയ്‌തിരുന്ന സൂപ്പർ മാർക്കറ്റിലേക്ക് പോകുന്നതിനായി ഭർത്താവ് സനൽ അങ്കമാലി ബസ് സ്റ്റാന്‍ഡില്‍ ഇരുചക്രവാഹനത്തിൽ കൊണ്ടു വിട്ടിരുന്നെങ്കിലും ആതിര സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയിരുന്നില്ല. തുടർന്ന് ആതിരയുടെ ഭർത്താവ് സനൽ കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവ ദിവസം ആതിര മൊബൈല്‍ ഫോൺ കൊണ്ടുപോയിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആതിരയും ഇടുക്കി സ്വദേശിയായ സുഹൃത്ത് അഖിലും ഒന്നിച്ച് കാറിൽ കയറി പോയതായി പൊലീസിന് വിവരം ലഭിച്ചത്.