എറണാകുളം:രണ്ടാം തവണയും ജീവന്‍റെ തുടിപ്പുമായി പൊലീസ് ഹെലികോപ്റ്റർ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ പറന്നിറങ്ങി. മസ്‌തിഷ്ക്ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിൻ്റെ ഹൃദയം, തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിൽ ശസ്ത്രക്രിയയിലൂടെ തുന്നിചേർത്തു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിലാണ് ഹൃദയം എത്തിച്ചത്. ദാദാവിൽ നിന്നും എടുത്ത ഹൃദയം മൂന്ന് മണിക്കർ 11 മിനിട്ട് കൊണ്ടാണ് സ്വീകർത്താവിൽ പ്രവർത്തിച്ച് തുടങ്ങിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും അടുത്ത 48 മണിക്കൂർ നിർണ്ണായകമാണെന്നും കൊച്ചിയിലെ ലിസി ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ മെയ് മാസം ഒമ്പതിനായിരുന്നു ആദ്യ എയർ ആംബുലൻസ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഇത്തവണ ഹൃദയവും കൈയ്യും ഉൾപ്പടെ മൂന്ന് അവയവങ്ങളാണ് എയർ ആബുലൻസ് മാർഗം കൊച്ചിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച അനുജിത്തിൻ്റെ ഹൃദയം സണ്ണിയുടെ രക്തഗ്രൂപ്പുമായി യോജിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു.
ഹൃദയത്തിനു പുറമേ വൃക്കകള്‍, രണ്ട് കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയും ദാനം ചെയ്‌തിട്ടുണ്ട്. റോഡ് മാർഗം ഹൃദയം കൊച്ചിയിലെത്തിക്കുന്നത് വെല്ലുവിളിയാണെന്ന വിവരം എം സ്വരാജ് എംഎൽഎ മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ എയര്‍ ആംബുലന്‍സ് വിട്ടുനല്‍കുകയായിരുന്നു.