എറണാകുളം:എ ഐ കാമറ ഇടപാടിൽ നൂറ് കോടിയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ബന്ധു കൺസോഷ്യത്തിന്‍റെ യോഗത്തിൽ പങ്കെടുത്തുവെന്നും ഇത് സംബന്ധിച്ചുള്ള അന്വേഷണം നടന്നാൽ അദ്ദേഹം യോഗത്തിൽ പങ്കെടുത്തതിന്‍റെ തെളിവ് ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കാമറയും, കൺട്രോൾ റൂമും, വാർഷിക മെയിന്‍റനൻസും ഉൾപ്പടെ മുഴുവൻ കാര്യങ്ങൾക്കും ഫിനാൻഷ്യൽ പ്രൊപ്പോസൽ നൽകിയത് ട്രോയിസ് എന്ന കമ്പനിയാണ്. ഈ കമ്പനിയിൽ നിന്ന് തന്നെ വാങ്ങണമെന്നത് പ്രസാഡിയോയുടെ നിർബന്ധമായിരുന്നു. ഈ രണ്ടു കമ്പനികളുടെ ഉടമകളാണ് എ ഐ കാമറയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകിയതെന്നും വിഡി സതീശൻ വ്യക്‌തമാക്കി.
ട്രോയിസ് നൽകിയ പ്രൊപ്പോസലിൽ നികുതി അടക്കം 33.59 കോടി രൂപയാണ് കണക്കാക്കിയത്. പിന്നീട് സെൻട്രൽ കൺട്രോൾ റൂം സോഫ്റ്റ് വെയർ ഉൾപ്പടെയുള്ള ജോലിക്ക് 10.27 കോടിയും, ഫീൽഡ് ഇൻസ് പ്ലേഷൻ ഫർണിച്ചർ ഉൾപ്പടെ 4.93 കോടി, വാർഷിക മെയിന്‍റൈയിൻസ് ചാർജ്ജ് നികുതി ഉൾപ്പടെ 8.26 കോടി ഉൾപ്പടെ ഇതെല്ലാം കൂടി 57 കോടി രൂപയാണ് ഇവരുടെ പ്രൊപ്പോസൽ. ഇത് തന്നെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ കാമറകൾ തന്നെ ഇതിനേക്കാൾ കുറഞ്ഞ വിലയിൽ വാങ്ങിക്കാൻ കഴിയും. യഥാർഥത്തിൽ 45 കോടി രൂപയ്ക്ക് ഇത് പൂർത്തിയാക്കാൻ കഴിയും. ഇതാണ് 151 കോടി രൂപയ്ക്ക് ടെൻഡർ നൽകിയത്. ടെൻഡർ ലഭിച്ച എസ്ആർഐടിക്ക് ആറ് ശതമാനമാണ് കമ്മീഷൻ. അത് ആറ് കോടിയോളം വരും. ബാക്കി തുക കൂട്ടുകച്ചവടക്കാരായ കമ്പനികൾ വീതം വച്ച് എടുക്കാനായിരുന്നു പ്ലാൻ.
വിചിത്രമായ വെട്ടിപ്പാണ് നടന്നത്. മുഖ്യമന്ത്രിയുടെ ബന്ധു കൺസോഷ്യത്തിന്‍റെ യോഗത്തിൽ പങ്കെടുത്തതിന്‍റെ തെളിവ് ഹാജരാക്കാൻ വ്യവസായ വകുപ്പ് മന്ത്രി വെല്ലുവിളിച്ചിരുന്നു. പ്രസാഡിയോയുടെ ഉടമ ഈ ആരോപണം നിഷേധിച്ചിട്ടില്ല. പ്രകാശ് ബാബു കൺസോർഷ്യത്തിന്‍റെ യോഗത്തിൽ പങ്കെടുത്തിരുന്നു. പണം നഷ്ട്ടപ്പെട്ട കമ്പനികൾ പ്രകാശ് ബാബുവിനെ സമീപിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. അന്വേഷണം നടന്നാൽ അദ്ദേഹം യോഗത്തിൽ പങ്കെടുത്തതിന്‍റെ തെളിവ് ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് അൽ ഹിന്ദ് കമ്പനി വളരെ നേരത്തെ തന്നെ സർക്കാറിനെ അറിയിച്ചിരുന്നു. വ്യവസായ വകുപ്പ് സെക്രട്ടറിയേയാണ് അറിയിച്ചത്. അൽ ഹിന്ദ് കൺസോർഷ്യത്തിൽ നിന്നു പിന്മാറുന്നതിന്‍റെ ഭാഗമായാണ് സർക്കാറിനെ ഈ കാര്യം അറിയിച്ചത്.