എറണാകുളം: ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി മോഹൻരാജ്. വധശിക്ഷ തന്നെ പ്രതി അസ്‌ഫാഖ് ആലത്തിന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരെ ചുമത്തിയ 5 കുറ്റകൃത്യങ്ങള്‍ പരമാവധി ശിക്ഷയായ വധശിക്ഷ കിട്ടാവുന്നവയാണ്. സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള ചില റിപ്പോർട്ടുകളാണ് കോടതി ആവശ്യപ്പെട്ടത്. പ്രതിയ്‌ക്ക് മാനസാന്തരത്തിനുളള സാധ്യതയുണ്ടോയെന്ന റിപ്പോർട്ട് സംസ്ഥാനമാണ് ഫയൽ ചെയ്യേണ്ടത്. ജയിലിൽ നിന്നും ഒരു റിപ്പോർട്ട് സമർപ്പിക്കണം. പ്രബോഷൻ ഓഫിസറുടെ റിപ്പോർട്ടും സമർപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാദി ഭാഗം ഒരു റിപ്പോർട്ട് ഫയൽ ചെയ്യാൻ അവസരം ചോദിച്ചിട്ടുണ്ട്. പ്രതിക്ക് ലഭിക്കേണ്ട അവകാശങ്ങൾ വകവച്ച് കൊടുത്തു തന്നെയാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പ്രഖ്യാപിച്ചതെന്നും സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
അസ്‌ഫാഖ് ആലം കുറ്റക്കാരനെന്ന് കോടതി:കേരളത്തെ ഞെട്ടിച്ച ആലുവ കൊലക്കേസില്‍ ഇന്നാണ് (നവംബര്‍ 4) പ്രതി അസ്‌ഫാഖ് ആലത്തിനെതിരെ കോടതി വിധി പ്രഖ്യാപിച്ചത്. ഒറ്റ പ്രതിയുള്ള കേസില്‍ അസ്‌ഫാഖ് കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി വിധിച്ചു. പ്രതിക്കെതിരെ ചുമത്തിയ മുഴുവന്‍ വകുപ്പുകളും നിലനില്‍ക്കുമെന്നും പോക്‌സോ കോടതി ജഡ്‌ജ് കെ സോമന്‍ വ്യക്തമാക്കി.