എറണാകുളം:ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാഖ് ആലത്തിന് യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ലെന്ന് കോടതിയിൽ ദ്വി ഭാഷിയായി പ്രവർത്തിച്ച അഭിഭാഷക ബിനി എലിസബത്ത്. എന്നാൽ കുറ്റക്കാരനാണെന്ന് കോടതി ഇന്ന് വിധി പറഞ്ഞതോടെ പ്രതി ഭയപ്പെട്ടതായും അഭിഭാഷക ഇടിവി ഭാരതിനോട് പറഞ്ഞു. കുറ്റപത്രം സമർപ്പിക്കുന്നതിന്‍റെ മുന്നോടിയായാണ് പോക്സോ കോടതി മലയാളം, ഇംഗ്ലീഷ് ഭാഷകൾ അറിയാത്ത പ്രതിക്ക് വേണ്ടി ട്രാൻസ്ലേറ്ററെ നിയമിക്കാൻ നിർദേശിച്ചത്. ഇതേ തുടർന്നാണ് പ്രോസിക്യൂട്ടർ ഹിന്ദി ഭാഷാപരിചയവും ട്രാൻസ്ലേറ്റർ പ്രവർത്തി പരിചയവുമുള്ള ബിനി എലിസബത്തിനെ നിർദേശിച്ചത് (Advocate Binila Elizabeth About Accuse Asfak Alam).
കോടതിയിൽ ഹാജരാക്കുമ്പോൾ ഒന്നും സംസാരിക്കാതെ തലതാഴ്ത്തി നിൽക്കുന്ന പ്രതിയേയാണ് കണ്ടത്. എന്നാൽ കേസിനെ കുറിച്ചും ഓരോ ദിവസവും കോടതിയിൽ പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുമ്പോഴും കാര്യങ്ങൾ മനസിലാക്കുകയും പ്രതി സംശയങ്ങൾ ചോദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ചെയ്‌ത കുറ്റത്തിന്‍റെ ഗൗരവത്തെ കുറിച്ച് ബോധമുണ്ടായിരുന്നില്ല. ഇന്ന് വിധി കേൾക്കാൻ എത്തിയ വേളയിൽ പ്രതിക്ക് പരിഭ്രമം ഉള്ളതായി തോന്നിയെന്നും അഭിഭാഷകയായ ബിനി പറഞ്ഞു (Migrant Girl Murder Case In Aluva Ernakulam).
പ്രതിക്കെതിരായ സാക്ഷിമൊഴികളെല്ലാം അതേപടി പരിഭാഷപ്പെടുത്തി കൊടുക്കുമ്പോൾ അതേ കുറിച്ചൊന്നും പറയാറില്ലായിരുന്നു. കൂടുതൽ പരിചയപ്പെട്ടതോടെ ചിരിച്ചും സംസാരിച്ചുമായിരുന്നു പ്രതി പെരുമാറിയിരുന്നത്. വീട്ടിലെ കാര്യങ്ങളൊക്കെ പ്രതി വിശദീകരിച്ചിരുന്നു. അച്ഛന്‍, അമ്മ, ജ്യേഷ്‌ഠന്‍, സഹോദരി തുടങ്ങിയവരാണ് ഉള്ളതെന്ന് വ്യക്തമാക്കിയിരുന്നു. താൻ വിവാഹിതനല്ലെന്നാണ് പ്രതി പറഞ്ഞതെന്നും ബിനി എലിസബത്ത് പറഞ്ഞു (Aluva Murder Case).