എറണാകുളം/കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് തെളിയിക്കാനാവില്ലെന്നും അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപിക്കാൻ കഴിയില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ബി. എ. ആളൂർ. തെളിവുകൾ ശേഖരിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടി കാണിച്ച് സി.ആർ.പി.സി 169 പ്രകാരം ഒരു റിപ്പോർട്ട് മാത്രമേ കോടതിയിൽ സമർപ്പിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രയും കാലതാമസം സംഭവിച്ചതിനാൽ സാഹചര്യ തെളിവുകൾ കൂട്ടിയോജിപ്പിക്കാൻ പ്രോസിക്യൂഷന് കഴിയില്ല.
കൂടത്തായി കൊലപാതകം; കേസ് തെളിയിക്കാനാവില്ലെന്ന് ബി. എ. ആളൂർ - ബി. എ. ആളൂർ കൂടത്തായി കേസ്
പിഞ്ചു കുഞ്ഞ് ഒഴികെ എല്ലാവരും മാനസിക സമ്മർദം കൊണ്ട് ആത്മഹത്യ ചെയ്തതെന്നും ആളൂർ
കുറ്റാരോപിത ജോളിയുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരാണ് തന്നെ കേസ് ഏൽപ്പിച്ചത്, ഇപ്പോൾ പ്രതിയും തന്നെ സമീപിച്ചിരിക്കുകയാണന്നും ആളൂർ പറഞ്ഞു. പ്രതികളെ പതിനാല് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടിട്ടും ആറ് ദിവസമാണ് കോടതിയനുവദിച്ചത്. അഭിഭാഷകനെ കേസ് ഏൽപിക്കുകയെന്നത് പ്രതിയുടെ അവകാശമാണ്. ഏത് കേസും പ്രതിയെ സംബന്ധിച്ച് ഗൗരവമായാണ് താൻ കാണുന്നത്. ഇന്ത്യയിലെ ശാസ്ത്രീയമായ പരിശോധനകൾക്ക് അറുപത് ശതമാനം വിശ്വാസ്യത മാത്രമേ കോടതികൾ കൽപിക്കുന്നുള്ളൂ. കൂടുതൽ വിശ്വാസ്യതയുള്ള വിദേശത്ത് നിന്നുള്ള ശാസ്ത്രീയ പരിശോധന ഫലം ലഭിക്കാൻ, ചുരുങ്ങിയത് ആറുമാസമെങ്കിലും സമയം വേണ്ടിവരുന്നതിനാൽ അന്വേഷണ സംഘത്തിന് തെളിവായി ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൊണ്ട് വരാൻ കഴിയില്ല. പൊലീസ് കസ്റ്റഡിക്ക് ശേഷം സമർപ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് കേസിന്‍റെ യഥാർഥ ചിത്രം ലഭിക്കുക. ഇതിനു ശേഷം പ്രതിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ആളൂർ പറഞ്ഞു.
തന്‍റെ കക്ഷിയായ കൂടത്തായി കൂട്ട കൊലക്കേസ് പ്രതി ആർക്കും സയനേഡ് നൽകിയിട്ടല്ലെന്ന വാദമാണ് പ്രധാനമായും ഉന്നയിക്കുകയെന്നും ആളൂർ വ്യക്തമാക്കി. തന്നെ സമീപിക്കുന്ന ആർക്ക് വേണ്ടിയും കേസ് നടത്തുകയെന്ന നിലപാടാണ് ക്രിമിനൽ അഭിഭാഷകനായ തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.