എറണാകുളം:ജഡ്‌ജിമാരുടെ പേരില്‍ കോഴ വാങ്ങിയ കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത എഫ് ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൈബി കോടതിയെ സമീപിച്ചത്. കേസില്‍ പരാതിക്കാരില്ലെന്നും കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലാണ് തനിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയതതെന്നും സൈബി ജോസ് കിടങ്ങൂര്‍ ഹര്‍ജിയില്‍ പറഞ്ഞു.
പരാതിക്കാരില്ല, കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ് - high court
കേസില്‍ പരാതിക്കാരും തെളിവുകളുമില്ലെന്ന് സൈബി ജോസ് കിടങ്ങൂര്‍. കേസ് റദ്ദാക്കണമെന്നാവശ്യം. പണം നല്‍കിയതായി കക്ഷികളാരും മൊഴി നല്‍കിയില്ല. സൈബിക്കെതിരായ എഫ്‌ഐആര്‍ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമര്‍പ്പിച്ചിരുന്നു.
പൊലീസ് കമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ കക്ഷികളാരും പണം നല്‍കിയതായി മൊഴി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും സൈബി കോടതിയെ അറിയിച്ചു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിയ്‌ക്കും. സൈബിക്കെതിരായ കേസിന്‍റെ എഫ്.ഐ.ആർ കഴിഞ്ഞ ദിവസം അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചന കുറ്റവുമാണ് സൈബിക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് പറഞ്ഞ് ജഡ്‌ജിമാർക്ക് കൊടുക്കണമെന്ന ഉദ്ദേശത്തോട് കൂടി കക്ഷികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.