ഇന്ത്യന്‍ സിനിമയുടെ കഥ: ലൂമിയർ സഹോദരന്മാരിൽ നിന്ന് കടംകൊണ്ട ആശയവുമായി ലോകം സിനിമ (World Cinema) എന്ന ആശയവുമായി പിച്ചവച്ച് തുടങ്ങിയത് മുതൽ ഇന്ത്യയും സിനിമ എന്ന ഇന്ദ്രജാലത്തിന് പുറകെ യാത്ര ആരംഭിച്ചു. 1913ൽ ദാദാ സാഹിബ് ഫാൽക്കെ സംവിധാനം ചെയ്‌ത് പുറത്തിറക്കിയ രാജാ ഹരിചന്ദ്ര ഇന്ത്യൻ സിനിമയുടെ (Indian Cinema History) ചരിത്ര പുസ്‌തകത്തിന്‍റെ ആദ്യ താളുകളിൽ എഴുതിക്കുറിച്ചു. പിന്നീടങ്ങോട്ട് ഇന്ത്യൻ സിനിമ ഒരു ആൽമരം പോലെ വളർന്ന് പന്തലിച്ച ചരിത്രം എല്ലാവര്‍ക്കും സുപരിചിതമാണ്.
പ്രാദേശിക ഭാഷകളിൽ അധികം വൈകാതെ തന്നെ സിനിമ ജന്മമെടുത്തു. മലയാളിയെ സിനിമ കാണിക്കാൻ മുന്നിട്ടിറങ്ങിയത് മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയേൽ ആയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സിനിമ വ്യവസായങ്ങളിൽ ഒന്നാണ് ഇന്ത്യൻ സിനിമ. പ്രാദേശിക ഭാഷകൾ എല്ലാം ചേർന്ന് വർഷം ആയിരത്തിലധികം സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യുന്നുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയില്‍ നല്ലൊരു ഭാഗം സിനിമയുടെ സംഭാവനയാണ്.
കഥാപരമായും സങ്കേതികമായും ലോക സിനിമയോട് കിടപിടിക്കുന്ന തരത്തിൽ ഇന്ത്യൻ സിനിമ വളർന്നു, എന്നാല്‍ ലോക സിനിമയോട് ആശയപരമായി മാത്രമേ ഇന്ത്യൻ സിനിമയെ താരതമ്യം ചെയ്യാൻ കഴിയൂ. സാങ്കേതികവിദ്യ,പ്രൊഡക്‌ഷന്‍ എന്നീവക കാര്യങ്ങളില്‍ ലോക സിനിമയ്‌ക്കൊപ്പം വളരാൻ ഇന്ത്യൻ സിനിമയ്ക്ക് ഇന്നുമായിട്ടില്ലെന്ന് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.
നിറ സാനിധ്യമറിയിച്ച് മലയാള സിനിമ:ഇന്ത്യൻ സിനിമയ്ക്ക് ഒപ്പം വളരാൻ മലയാള സിനിമയ്ക്ക് ആയിട്ടുണ്ട്. ഇന്ത്യയിലെ സിനിമ പ്രവർത്തകരും നിരൂപകരും അസൂയയോടെ മലയാള സിനിമയെ ഉറ്റു നോക്കുകയാണ്. എന്നാൽ, പ്രാദേശിക ഭാഷകൾ ബോളിവുഡിനൊപ്പം തോളോട് തോൾ വളരുമ്പോഴും മലയാള സിനിമകളുടെ വ്യാവസായിക മൂല്യം താരതമ്യേന കുറവാണ്.
തമിഴ്, തെലുഗു, കന്നഡ സിനിമകളിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്ന ചെലവിലാണ് പല ബിഗ് ബജറ്റ് മലയാള ചിത്രങ്ങളുടെയും നിർമാണ ചെലവ്. പക്ഷേ ഇന്ത്യൻ സിനിമ മലയാളത്തിന്‍റെ നിഴലിലാണ് എന്ന് പറഞ്ഞാൽ അതിശയോക്തി ഉണ്ടാകേണ്ട കാര്യമില്ല. മലയാള ആശയങ്ങളും ടെക്‌നീഷ്യൻസിന്‍റെ സഹായവും ഇന്ത്യൻ സിനിമയുടെ ആരംഭ ഘട്ടത്തിൽ തന്നെ മുതൽക്കൂട്ടായിട്ടുണ്ട്.
എ വിന്‍സന്‍റ്, സിനിമയ്‌ക്കു പിന്നിലെ ഉള്‍ക്കാഴ്‌ച:ഇന്ത്യൻ സിനിമ ഇതുവരെ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാൾ മലയാളിയാണ്. ഛായാഗ്രാഹകനും സംവിധായകനുമായ എ വിൻസെന്‍റിനെ (A Vincent) ലോക സിനിമ അത്ഭുതത്തോടെ നോക്കിയ കാലം. 1928ൽ കോഴിക്കോട് ജനിച്ച വിൻസെന്‍റ് ഇന്ത്യൻ സിനിമയെ ലോകസിനിമയ്ക്ക് മുന്നിലെത്തിച്ച വ്യക്തിയാണ്.
ലോകസിനിമ ഫിലിം മാഗസിനിൽ ഷൂട്ട് ചെയ്യുന്ന കാലം. 'സിനിമയുടെ ആശയങ്ങൾ കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ പരിഷ്‌കരിക്കാൻ ലോക സിനിമ ഏറെ മുൻപേ തുടങ്ങിക്കഴിഞ്ഞിരുന്നു'. 50 കളുടെ തുടക്കത്തിൽ തന്നെ ലോക സിനിമയിൽ ടെക്‌നിക്കൽ വളർച്ചകൾ വന്നു. ഇന്ത്യ അത്തരം ടെക്നോളജികളിലേക്ക് എത്തി തുടങ്ങുന്നത് തന്നെ തൊണ്ണൂറുകൾക്ക് ശേഷമാണ്. ഇന്ത്യൻ സിനിമ കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്‍റെ അനന്തസാധ്യതകൾ തേടി നടക്കുമ്പോൾ ആദ്യത്തെ ലൈവ് ആക്ഷൻ സിനിമ കേരളത്തിൽ പിറന്ന് കഴിഞ്ഞിരുന്നു.
ഓഫാബിക്ക് എന്തുപറ്റി?
ഏഷ്യയിലെ തന്നെ ആദ്യത്തെ ലൈവ് ആക്ഷൻ ഹൈബ്രിഡ് ഫിലിമാണ് ഓഫാബി (O' Faby). ശ്രീകുമാർ കൃഷ്‌ണൻ നായർ സംവിധാനം ചെയ്‌ത ചിത്രം പക്ഷേ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചില്ലെന്ന് വേണം പറയാൻ. എന്തുകൊണ്ടോ ഈ നേട്ടം മലയാള സിനിമയുടെ തലതൊട്ടപ്പന്മാർ പോലും അംഗീകരിച്ചിരുന്നില്ല.