എറണാകുളം: ലക്ഷദ്വീപിൽ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം. ലക്ഷദ്വീപിന്‍റെ പുതിയ അഡ്മിനിസ്ട്രേറ്ററായി എത്തിയ പ്രഫുല്‍ കെ പട്ടേലിന്‍റെ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
ദ്വീപിനകത്തും പുറത്തുമുള്ള നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള മാര്‍ഗം ഉപയോഗിച്ച് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സേവ് ലക്ഷദ്വീപ് എന്ന പേരില്‍ ആരംഭിച്ച ക്യാമ്പയിന് കേരളത്തിലെ നിരവധി യുവ - സാംസ്കാരിക സംഘടനകളും സിനിമാ - സാമൂഹിക - രാഷ്ട്രീയ മേഖലയിലുളളവരും പിന്തുണയുമായി രംഗത്തുണ്ട്.
ജനവികാരം കണക്കിലെടുക്കാതെയുള്ള പരിഷ്കാരം
ജില്ല പഞ്ചായത്തിന്‍റെ അധികാര പരിധിയില്‍ ഉണ്ടായിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ അഡ്മിനിസ്ട്രേറ്ററുടെ അധികാരപരിധിയിലാക്കി ഏകാധിപത്യ ഭരണത്തിനാണ് പ്രഫുല്‍ പട്ടേൽ ശ്രമിക്കുന്നതെന്നാണ് ലക്ഷദ്വീപുകാരുടെ പരാതി.
ഇതുവരെ ക്രിമിനല്‍ കേസുകളെന്നും റിപ്പോര്‍ട്ട് ചെയ്യാത്ത കേന്ദ്രഭരണ പ്രദേശത്ത് ഗൂണ്ടാആക്ട് നടപ്പിലാക്കി, മദ്യ നിരോധനമുണ്ടായിരുന്ന പ്രദേശത്ത് ടൂറിസത്തിന്‍റെ പേരില്‍ മദ്യത്തെ പ്രവേശിപ്പിച്ചു, കേന്ദ്രത്തിനെതിരെ 2019ൽ പ്രതിഷേധ സൂചകമായി ബോർഡ് വെച്ചതിനടക്കം കേസെടുത്തു തുടങ്ങിയ പരാതികളാണ് ദ്വീപ് നിവാസികള്‍ ഉന്നയിക്കുന്നത്.
മാംസം കഴിക്കുന്നവര്‍ ഭൂരിപക്ഷമുള്ള സ്ഥലത്ത് മാംസ നിരോധനം കൊണ്ടുവന്നു, പട്ടയം കൈവശമുള്ള ഭൂമിയിലടക്കമുള്ള കെട്ടിടങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊളിക്കൽ തുടങ്ങി, ബേപ്പൂർ തുറമുഖം വഴിയുള്ള ചരക്കുനീക്കം മംഗലാപുരം വഴിയാക്കി തുടങ്ങിയ പരാതികളും ദ്വീപ് നിവാസികള്‍ ഉന്നയിക്കുന്നു. ടൂറിസത്തിന്‍റെ പേരും പറഞ്ഞ് നിരവധി അതിക്രമങ്ങളാണ് നടക്കുന്നതെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നു. ഇതിനെതിരെ പോരാടുന്ന ദ്വീപ് നിവാസികൾക്ക് നിരവധി പ്രമുഖരുടെ പിന്തുണ ലഭിക്കുന്നുണ്ട്.
പ്രതിഷേധവുമായി സിനിമ - സാംസ്കാരിക രംഗവും
അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ എതിർക്കപ്പെടേണ്ടതാണെന്ന് നടൻ പ്രഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. നടപടികൾ വിചിത്രമെന്ന് നടൻ പൃഥിരാജ് പറഞ്ഞു. പുരോഗതിക്ക് വേണ്ടിയാണെങ്കിൽ പോലും ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും താരം പറഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ എതിർക്കപ്പെടേണ്ടതാണെങ്കിൽ അതിനായി ഇടപെടലുകളുണ്ടാക്കുന്ന ലക്ഷദ്വീപിലെ ജനതയോടൊപ്പം നിൽക്കുന്നുവെന്നും പൃഥ്വിരാജ് ഫേസ് ബുക്കിലൂടെ വ്യക്തമാക്കി. ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്കാരത്തിനും മേൽ ഭരണകൂടം ഗൂഢലക്ഷ്യത്തോടെ കടന്നുകയറ്റം നടത്തികൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ സലാം ബാപ്പു പ്രതികരിച്ചു.